ഇതര സംസ്ഥാനങ്ങളില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നിഷേധിക്കുന്നു; ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിക്ക് കത്തയച്ചു
തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് സംസ്ഥാന സര്‍ക്കാര്‍ നിഷേധിക്കുന്നതിനെതിരേ കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. 2019 വരെ സ്‌കോളര്‍ഷിപ്പ് നല്‍കിയിരുന്നെങ്കിലും അതിനുശേഷമാണ് ലഭിക്കാതായതെന്ന് കത്തില്‍ ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.
''ഇതര സംസ്ഥാനങ്ങളില്‍ പഠിക്കുന്ന കേരളീയരായ പട്ടികജാതി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിന് തുക അനുവദിക്കുകയും ആയത് സംസ്ഥാന സര്‍ക്കാര്‍ വഴി വിതരണം ചെയ്യുകയും ചെയ്തുപോന്നിരുന്നു. എന്നാല്‍ 2019 മുതല്‍ പ്രസ്തുത സ്‌കോളര്‍ഷിപ്പ് തുക ഇതര സംസ്ഥാന വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചിട്ടില്ല. അതേസമയം കേരളത്തിനുള്ളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പ്രസ്തുത സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നുമുണ്ട്.''- ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിക്കു നല്‍കിയ കത്തില്‍ പറയുന്നു.
സ്‌കോളര്‍ഷിപ്പ് തുക സംസ്ഥാന സര്‍ക്കാരിന് കൈമാറിയിട്ടുണ്ടെന്നും എന്നിട്ടും തുക വിതരണം ചെയ്തിട്ടില്ലെന്നും കത്തില്‍ പറയുന്നു.
ഉമ്മന്‍ ചാണ്ടിയെ കാണാന്‍ കോട്ടയത്തുനിന്നെത്തിയ ഏതാനും മാതാപിതാക്കളുടെ അപേക്ഷ പരിഗണിച്ചാണ് പ്രശ്‌നത്തില്‍ ഉമ്മന്‍ ചാണ്ടി ഇടപെട്ടത്. കേന്ദ്ര സര്‍ക്കാര്‍ പത്ര പരസ്യം നല്‍കി അപേക്ഷ ക്ഷണിച്ചാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹരായവരെ തിരഞ്ഞെടുത്തത്. അത് പ്രതീക്ഷിച്ച് പലരും ഇതര സംസ്ഥാനങ്ങളില്‍ പഠിക്കാനും ചേര്‍ന്നു. ഒന്നാം വര്‍ഷം സ്‌കോളര്‍ഷിപ്പ് ലഭിച്ചവരോട് രണ്ടാം വര്‍ഷം പണം നല്‍കാനാവില്ലെന്ന് ജില്ലാ പട്ടിക ജാതി ഓഫിസ് അറിയിച്ചതിനെത്തുടര്‍ന്നാണ് രക്ഷിതാക്കള്‍ ഉമ്മന്‍ ചാണ്ടിയെ കണ്ടത്.
കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പണം ഉടന്‍ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ വിതരണം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.