മഹാരാഷ്ട്രയില്‍ സ്‌കൂളുകള്‍ ഇന്ന് തുറക്കും;രാജ്യത്ത് കൊവിഡ് തീവ്ര വ്യാപനം കുറഞ്ഞതായി മദ്രാസ് ഐഐടിയുടെ പഠന റിപ്പോര്‍ട്ട്

മദ്രാസ് ഐഐടിയുടെ പഠന പ്രകാരം 2.2 ആയിരുന്ന ആര്‍ നോട്ട് 1.57 ആയാണ് കുറഞ്ഞത്.ഈ നിരക്ക് ഒന്നിന് താഴെ എത്തിയാല്‍ വ്യാപനം കുറഞ്ഞെന്ന് കണക്കാക്കും

Update: 2022-01-24 03:37 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് തീവ്ര വ്യാപനം കുറഞ്ഞെന്ന് മദ്രാസ് ഐഐടിയുടെ പഠന റിപ്പോര്‍ട്ട്.രാജ്യത്തെ രോഗവ്യാപന തോത് കാണിക്കുന്ന ആര്‍ നോട്ട് ജനുവരി ആദ്യ ആഴ്ച്ചയേക്കാള്‍ കുറഞ്ഞതായി പഠനത്തില്‍ കണ്ടെത്തി.മദ്രാസ് ഐഐടിയുടെ പഠന പ്രകാരം 2.2 ആയിരുന്ന ആര്‍ നോട്ട് 1.57 ആയാണ് കുറഞ്ഞത്.ഈ നിരക്ക് ഒന്നിന് താഴെ എത്തിയാല്‍ വ്യാപനം കുറഞ്ഞെന്ന് കണക്കാക്കും.

ഡല്‍ഹിയില്‍ ഒരിടവേളയ്ക്ക് ശേഷം പ്രതിദിന കൊവിഡ് കേസുകള്‍ പതിനായിരത്തിന് താഴെയെത്തിയിരിക്കുകയാണ്.മുബൈയിലും കൊല്‍ക്കത്തയിലും മൂവായിരത്തില്‍ കുറവാണ് രോഗികള്‍.കര്‍ണാടകയിലാണ് ഇന്നലെ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

പ്രധാന നഗരങ്ങളില്‍ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞു.ദില്ലിയില്‍ 0.98,മുംബൈയില്‍ 0.67,ചെന്നൈയില്‍ 1.2,കൊല്‍ക്കത്തിയില്‍ 0.56 എന്നിങ്ങനെയാണ് ആര്‍ വാല്യു.വരുന്ന രണ്ടാഴ്ചയ്ക്കകം കൊവിഡ് വ്യാപനം പാരമ്യത്തിലെത്തുമെന്നാണ് പഠന റിപ്പോര്‍ട്ട് പറയുന്നത്. അതിനുശേഷം വ്യാപനം കുറഞ്ഞേക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

മഹാരാഷ്ട്രയില്‍ ഒന്നുമുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഓഫ്‌ലൈന്‍ പഠനം ഇന്നു മുതല്‍ പുനരാരംഭിക്കും.സ്‌കൂള്‍ തുറക്കുന്ന കാര്യത്തില്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് അന്തിമ തീരുമാനം എടുക്കാന്‍ അനുവാദമുണ്ട്.മുംബൈ, താനെ ,നാസിക് ജല്‍ഗാവ്, നന്ദുബാര്‍ എന്നിവിടങ്ങളിലൊക്കെ ഇന്നുതന്നെ ക്ലാസ്സ് തുടങ്ങും.എന്നാല്‍ കൊവിഡ് വ്യാപനം കൂടിയ പൂനെയിലും അഹമ്മദ് നഗറിലും സ്‌കൂള്‍ തുറക്കുന്ന കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കും.



Tags:    

Similar News