മുല്ലപ്പെരിയാര്‍ മരംമുറി: മുഖ്യമന്ത്രിയും സര്‍ക്കാരും ജനങ്ങളെ വിഡ്ഢികളാക്കുന്നുവെന്ന് റോയ് അറയ്ക്കല്‍
ബേബി ഡാം ബലപ്പെടുത്തുന്നതിന് മരം മുറിക്കാനുള്ള തീരുമാനം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ മാത്രമെടുത്തതാണെന്നും മുഖ്യമന്ത്രിയോ വനം മന്ത്രിയോ വിവരം അറിഞ്ഞിട്ടുപോലുമില്ലെന്ന വാദം പച്ചക്കള്ളമാണെന്ന് തെളിഞ്ഞിരിക്കുന്നു.
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ബേബി ഡാമിനു സമീപത്തെ മരം മുറിക്കാന്‍ ഉത്തരവ് നല്‍കിയതു സംബന്ധിച്ച് മുഖ്യമന്ത്രിയും ഇടതുസര്‍ക്കാരും ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍. ബേബി ഡാം ബലപ്പെടുത്തുന്നതിന് മരം മുറിക്കാനുള്ള തീരുമാനം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ മാത്രമെടുത്തതാണെന്നും മുഖ്യമന്ത്രിയോ വനം മന്ത്രിയോ വിവരം അറിഞ്ഞിട്ടുപോലുമില്ലെന്ന വാദം പച്ചക്കള്ളമാണെന്ന് തെളിഞ്ഞിരിക്കുന്നു. ഇതുസംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം വെടിഞ്ഞ് ജനങ്ങളോട് കാര്യങ്ങള്‍ വിശദമാക്കാന്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇരു സംസ്ഥാനങ്ങളുടെയും പ്രതിനിധികള്‍ സ്ഥലത്ത് 2021 ജൂണ്‍ 11ന് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് 15 മരങ്ങള്‍ മുറിക്കണമെന്ന് കണ്ടെത്തിയത്. ഇതേത്തുടര്‍ന്നാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. മന്ത്രിയറിയാതെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസാണ് ഉത്തരവിറക്കിയതെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. എന്നാല്‍, ജലവിഭവ അഡീഷനല്‍ ചീഫ് സെക്രട്ടറി ടി കെ ജോസ് പങ്കെടുത്ത യോഗത്തിന്റെ തീരുമാനമനുസരിച്ചാണ് ഉത്തരവെന്നാണ് ബെന്നിച്ചന്‍ വിശദീകരിച്ചത്. മുല്ലപ്പെരിയാര്‍ നിരീക്ഷണസമിതിയില്‍ കേരളത്തിന്റെ ഏക പ്രതിനിധിയാണ് ടി കെ ജോസ്.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ താല്‍പ്പര്യത്തിനു വിരുദ്ധമായി ഉത്തരവുകളും റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത് ആശങ്കാജനകമാണ്. തമിഴ്‌നാടിന്റെ വാദത്തിന് പിന്തുണ നല്‍കുന്ന തരത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ കത്തും കേരളത്തിന് വന്നിട്ടുണ്ട്. കേസ് വീണ്ടും സുപ്രീംകോടതിയില്‍ വരുമ്പോള്‍ കേരളത്തിന്റെ നിലപാടുകളെ ദുര്‍ബലപ്പെടുത്തിയ മരംമുറി അനുമതി ഉത്തരവ് കേരളത്തിന് തിരിച്ചടിയാവും. അതിനാല്‍, ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എവിടെ നില്‍ക്കുന്നു എന്നു വ്യക്തമാക്കുന്ന തുടര്‍ നടപടികളാണ് വേണ്ടതെന്നും റോയ് അറയ്ക്കല്‍ വാര്‍ത്താക്കുറുപ്പില്‍ ആവശ്യപ്പെട്ടു.