അനന്തപുരി ഹിന്ദു സമ്മേളനം: വിദ്വേഷ പ്രഭാഷകര്‍ക്കെതിരേ പ്രതികരണം തീര്‍ത്ത് എസ്ഡിപിഐ ജാഗ്രതാ സംഗമം

സവര്‍ണ സാംസ്‌കാരിക ബോധം വളര്‍ത്തുന്നതില്‍ കോണ്‍ഗ്രസിനും ഗാന്ധിയ്ക്കും നിര്‍ണായക പങ്കുണ്ടെന്ന് എഴുത്തുകാരനായ ജെ രഘു

Update: 2022-07-17 15:48 GMT

തിരുവനന്തപുരം: വര്‍ഗീയ വിഷം ചീറ്റിയ അനന്തപുരി ഹിന്ദു സമ്മേളനം കഴിഞ്ഞ് രണ്ട് മാസം പിന്നിട്ടിട്ടും മുഖ്യധാര മതേതര പാര്‍ട്ടികള്‍ മൗനം പാലിച്ചത് സംഘപരിവാര്‍ അനുകൂല പൊതുബോധം സൃഷ്ടിക്കുന്നതിന് ആക്കം കൂട്ടിയെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍. അനന്തപുരി ഹിന്ദു സമ്മേളനം കേരളത്തിന് നല്‍കുന്ന സന്ദേശമെന്ത് എന്ന തലക്കെട്ടില്‍ എസ്ഡിപിഐ കിഴക്കേകോട്ട ഗാന്ധിപാര്‍ക്കില്‍ സംഘടിപ്പിച്ച ജാഗ്രതാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്‌ലിംകളെ വംശീയമായി അധിക്ഷേപിച്ച സമ്മേളനത്തിനെതിരേ കേരളത്തിലെ സാംസ്‌കാരിക പ്രവര്‍ത്തകരും ശബ്ദിച്ചില്ല. ഈ സാഹചര്യത്തിലാണ് എസ്ഡിപിഐ പ്രതികരണം തീര്‍ക്കാന്‍ തീരുമാനിച്ചത്. ഹിന്ദുസമ്മേളത്തില്‍ മതവിദ്വേഷ പ്രസംഗങ്ങള്‍ നടത്താന്‍ സൗകര്യം ചെയ്ത സംഘാടകര്‍ക്കെതിരേ കേസെടുക്കാന്‍ പോലും കേരള പോലിസ് തയ്യാറായില്ലെന്നും തുളസീധരന്‍ പള്ളിക്കല്‍ പറഞ്ഞു.

ഇടത്-വലത് പാര്‍ട്ടികള്‍ സംഘപരിവാറിന്റെ സവര്‍ണ പ്രത്യയശാസ്ത്രം തന്നെയാണ് പിന്‍പറ്റുന്നത്. ഒരേ വീഞ്ഞ് വ്യത്യസ്ത ഗ്ലാസുകളില്‍ പകരുന്നു എന്ന് മാത്രം. ഭരണഘടനാ വിരുദ്ധ സവര്‍ണ സംവരണനയം ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തില്‍ കൊണ്ടുവരാന്‍ ശ്രമിച്ചപ്പോള്‍ തന്നെ കേരളത്തിലെ ഇടതു സര്‍ക്കാര്‍ അത് നടപ്പിലാക്കി. സവര്‍ണ സംവരണത്തിലൂടെ ദലിത് പിന്നാക്ക വിഭാഗങ്ങളുടെ സംവരണമെന്ന ആശയത്തെ കുഴിച്ചുമൂടാനാണ് സംഘപരിവാര്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നതെന്നും അത് തന്നെയാണ് കേരളത്തിലെ ഇടതുസര്‍ക്കാരും പിന്‍പറ്റുന്നതെന്നും തുളസീധരന്‍ പള്ളിക്കല്‍ പറഞ്ഞു.


സവര്‍ണ സാംസ്‌കാരിക ദേശീയ ബോധം വളര്‍ത്തുന്നതില്‍ കോണ്‍ഗ്രസിനും ഗാന്ധിയ്ക്കും നിര്‍ണായക പങ്കുണ്ടെന്ന് സംഗമത്തില്‍ സംസാരിച്ച എഴുത്തുകാരനായ ജെ രഘു ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് എല്ലാ കാലത്തും ഈ സവര്‍ണ ജാതി ബോധം നിലനിര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. ഇത് പില്‍ക്കാലത്ത് സംഘപരിവാറിന് ഏറെ സഹായകരമാവുകയും ചെയ്തു. സവര്‍ണ ദൈവ സങ്കല്‍പമായ ലക്ഷ്മി ദേവിയേയും വങ്കമാതാ എന്ന ഭാരതമാത് കീ ജെയ് വിളിയും ഇന്ത്യയില്‍ പ്രചരിപ്പിച്ചത് കോണ്‍ഗ്രസായിരുന്നു. ഗാന്ധിജിയുടെ ജാതിബോധത്തെ ഇപ്പോഴും ആഫ്രിക്കന്‍ തെരുവുകളില്‍ ജനം ചോദ്യം ചെയ്യുന്നുണ്ട്.

2002ലെ ഗുജറാത്ത് കലാപത്തിന് കാരണക്കാരനായ നരേന്ദ്രനമോഡിയെയും അമിത് ഷായെയും ശരിയായ നിലയില്‍ വിചാരണ ചെയ്യാന്‍ അന്നത്തെ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായിരുന്നുവെങ്കില്‍ ഇന്ന് ഇന്ത്യക്കാര്‍ക്ക് ഈ ഗതി വരില്ലായിരുന്നു. ബോസ്‌നിയയിലെ സെബ്രനിച്ച മുസ്‌ലിം കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയ ഭരണാധികാരികളെ അന്താരാഷ്ട്ര കോടതി ശിക്ഷിച്ചപോലെ, ഗുജറാത്ത്് വംശഹത്യക്ക് നേതൃത്വം നല്‍കിയ മോദിയെയും ശിക്ഷിക്കാമായിരുന്നു. ഗുജറാത്ത് വംശഹത്യാ കേസ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഹേഗിലെ അന്താരാഷ്ട്ര കോടതിയിലേക്ക് മാറ്റിയിരുന്നുവെങ്കില്‍ സംഘപരിവാര്‍ നേതാക്കള്‍ ഇന്ന് തടവറിയിലായേനെ. ഭരണം കയ്യിലുണ്ടായിരുന്നിട്ടും കോണ്‍ഗ്രസോ മന്‍മോഹന്‍ സിങ്ങോ അതിന് തയ്യാറായില്ല. ആ കോണ്‍ഗ്രസാണ് ഇന്ന് സംഘപാരിവാറിനെതിരേ സംസാരിക്കുന്നത് എന്നത് വിരോധാഭാസമാണെന്നും ജെ രഘു പറഞ്ഞു.

വേദ ശാസ്ത്രങ്ങളിലൊന്നും ഹിന്ദു എന്ന പദം പ്രയോഗിച്ചിട്ടില്ലെന്ന് വേദ അധ്യാപകന്‍ സബര്‍മതി ജയശങ്കര്‍ പറഞ്ഞു. രാമായണവും മഹാഭാരതവും പട്ടികജാതിക്കാരനും ആദിവാസിയുമാണ് രചിച്ചത്. അതുകൊണ്ടാണ് ബ്രാഹ്മണര്‍ സൂര്‍ദാസിനെ കൊണ്ട് രാമായണം എഴുതിച്ചത്. പട്ടിക ജാതിക്കാര്‍ തങ്ങളുടെ പൂര്‍വികര്‍ രചിച്ച വേദങ്ങള്‍ പഠിക്കാന്‍ തയ്യാറാകാതെ വന്നപ്പോഴാണ് ബ്രാഹ്മണര്‍ ഇതൊക്കൊ ഏറ്റെടുക്കാന്‍ തുടങ്ങിയത്. അങ്ങനെ വേദങ്ങളെ ബ്രാഹ്മണര്‍ മലീമസമാക്കുകയാണ് ചെയ്തത്. വാല്‍മീകിയും വ്യാസനും രചിച്ച വേദ ഇതിഹാസ ഗ്രന്ഥങ്ങളില്‍ വിദ്വേഷമോ ഹിംസയോ പ്രചോദിപ്പിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അനീതിക്കെതിരേ ശബ്ദിക്കാന്‍ എസ്ഡിപിഐയ്‌ക്കൊപ്പം നില്‍കുമെന്ന് സാമൂഹിക പ്രവര്‍ത്തക ഗോമതി പറഞ്ഞു.

എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടള അധ്യക്ഷത വഹിച്ചു. സംസ്ഥാന ഖജാന്‍ജി എ കെ സലാഹുദ്ദീന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഷബീര്‍ ആസാദ്, ജില്ലാ സെക്രട്ടറി അജയന്‍ വിതുര എന്നിവര്‍ സംസാരിച്ചു. 

Tags:    

Similar News