പൊന്നാനിയില്‍ വീടുകള്‍ കടലെടുക്കുന്നത് തുടര്‍ക്കഥയാവുന്നു; നടപടി സ്വീകരിക്കാതെ സ്പീക്കര്‍; ശക്തമായ പ്രക്ഷോഭമെന്ന് എസ്ഡിപിഐ
നല്‍കിയ വാഗ്ദാനങ്ങളില്‍ ഒന്നും പോലും നടപ്പിലാക്കാതെ ഏറ്റവുംകൂടുതല്‍ വോട്ട് നല്‍കിയ പ്രദേശത്തെ സ്പീക്കര്‍ പൂര്‍ണമായും അവഗണിക്കുകയാണെന്ന് എസ്ഡിപിഐ പൊന്നാനി മുനിസിപ്പല്‍ കമ്മിറ്റി ആരോപിച്ചു.
പൊന്നാണി: ഒരു വര്‍ഷത്തിനിടെ പൊന്നാനിയില്‍ കടലെടുത്തത് നൂറോളം വീടുകളാണ്. ഇക്കാലയളവില്‍ അതി രൂക്ഷമായ നാലോളം കടലാക്രമണങ്ങളാണ് പ്രദേശം നേരിട്ടത്. സ്ഥലം എംഎല്‍എ കൂടിയായ ശ്രീരാമകൃഷണന്‍ നാലു തവണ മധുര വാഗ്ദാനങ്ങളുമായി എത്തിയെങ്കിലും ഇപ്പോഴും അതൊക്കെയും വാഗ്ദാനങ്ങള്‍ മാത്രമായി നിലനില്‍ക്കുകയാണ്. നല്‍കിയ വാഗ്ദാനങ്ങളില്‍ ഒന്നും പോലും നടപ്പിലാക്കാതെ ഏറ്റവുംകൂടുതല്‍ വോട്ട് നല്‍കിയ പ്രദേശത്തെ സ്പീക്കര്‍ പൂര്‍ണമായും അവഗണിക്കുകയാണെന്ന് എസ്ഡിപിഐ പൊന്നാണി മുനിസിപ്പല്‍ കമ്മിറ്റി ആരോപിച്ചു.
പി ശ്രീരാമകൃഷ്ണന്‍ എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം 15 ഓളം കടലാക്രമണങ്ങളില്‍ അസംഖ്യം വീടുകള്‍ തകരുകയും നൂറുകണക്കിനു പേര്‍ വഴിയാധാരമാവുകയും ചെയ്തിട്ടുണ്ട്. ഇവരില്‍ ബഹുഭൂരിപക്ഷവും കുടുംബവീടുകളില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്.
ഇതില്‍ വിരലിലെണ്ണാവുന്ന ചുരുക്കംചിലര്‍ക്കു മാത്രമാണ് സര്‍ക്കാര്‍ സഹായം ലഭ്യമായത്. കടല്‍ഭിത്തി ഭിത്തി നിര്‍മാണത്തിനുള്ള ഫണ്ടിന്റെ അശാസ്ത്രീയമായ ഉപയോഗവും അഴിമതിയും തുടര്‍ക്കഥയായതാണ് മേഖലയില്‍ സ്ഥിതി രൂക്ഷമാക്കുന്നത്. നിലില്‍ അരക്കിലോമീറ്ററോളം തീരം കടലെടുത്തു കഴിഞ്ഞു. വിവിധ സര്‍ക്കാരുകള്‍ തിരഞ്ഞെടുപ്പ് കാലയളവില്‍ നിരവധി മോഹന വാഗ്ദാനങ്ങളുമായി എത്താറുണ്ടെങ്കിലും അവയൊക്കെയും നിറവേറ്റപ്പെടാറില്ല.
ഫണ്ടുകളാവട്ടെ ഉദ്യോഗസ്ഥരുടെയും അധികൃതരുടേയും അലംഭാവംമൂലം ലാപ്‌സായി പോവുകയാണ് പതിവ്. ഇടതു വലതു പാര്‍ട്ടികള്‍ പ്രദേശത്തെ കേവലം വോട്ട് ബാങ്കായി മാത്രമാണ് കാണുന്നത്. ദേശീയ പാത വിഷയത്തില്‍ ഉള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ ഇരകളെ വഞ്ചിക്കുന്ന നിലപാടാണ് എംഎല്‍എയ്ക്കും എല്‍ഡിഎഫിനുമുള്ളതെന്ന് എസ്ഡിപിഐ കുറ്റപ്പെടുത്തി.
കടലോര മേഖലയ്ക്ക് മോഹനവാഗ്ദാനം നല്‍കി വഞ്ചിക്കുന്ന സ്ഥലം എംഎല്‍എയ്ക്കും എല്‍ഡിഎഫ് മുന്നണിക്കുമെതിരേ ശക്തമായ പ്രക്ഷോഭത്തിനിറങ്ങുമെന്ന് എസ്ഡിപിഐ പൊന്നാനി മുനിസിപ്പല്‍ കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. യോഗത്തില്‍ പാര്‍ട്ടി മുനിസിപ്പല്‍ പ്രസിഡന്റ് ഹംസ ചുങ്കത്ത്, സെക്രട്ടറി ഹാരിസ് പള്ളിപ്പടി സംസാരിച്ചു.