പെട്ടിമുടി ദുരന്തം: പിണറായി സര്‍ക്കാര്‍ തോട്ടം തൊഴിലാളികളെ വഞ്ചിച്ചു- എസ് ഡിപിഐ
തിരുവനന്തപുരം: ഇടുക്കി രാജമലയ്ക്കു സമീപം പെട്ടിമുടിയില്‍ മണ്ണിടിച്ചിലില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ചു ലക്ഷം രൂപ ധനസഹായം ഒരു ലക്ഷമായി വെട്ടിക്കുറച്ച് പിണറായി സര്‍ക്കാര്‍ തോട്ടം തൊഴിലാളികളെ വഞ്ചിച്ചിരിക്കുകയാണെന്ന് എസ് ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍. ദുര്‍ബല ജനവിഭാഗങ്ങളോട് തുടരുന്ന അവഗണനയുടെ ആവര്‍ത്തനമാണിത്. പാവപ്പെട്ട തൊഴിലാളികള്‍ ദുരന്തത്തിനിരയായിട്ട് അവിടെ സന്ദര്‍ശിക്കാന്‍ പോലും മുഖ്യമന്ത്രി വിമുഖത കാട്ടുകയായിരുന്നു. അവസാനം പ്രതിഷേധം ശക്തമായപ്പോഴാണ് മന്ത്രിയും പരിവാരങ്ങളും പെട്ടിമുടി സന്ദര്‍ശിച്ചത്. ദുരന്തത്തിനിരയായവര്‍ക്ക് ധനസഹായം നല്‍കാന്‍ ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഏറെ സമ്മര്‍ദ്ദക്കള്‍ക്കൊടുവില്‍ പ്രഖ്യാപിച്ച ധനസഹായമാണ് ഇപ്പോള്‍ വെട്ടിക്കുറച്ചിരിക്കുന്നത്. അഞ്ചു ലക്ഷം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നത് വെട്ടിക്കുറച്ച് ഒരു ലക്ഷം നല്‍കാനാണ് കഴിഞ്ഞ 17 ന് പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. പാവപ്പെട്ട അടിസ്ഥാന ജനതയോടുള്ള ഈ വഞ്ചനക്കെതിരേ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ടെന്നും അവര്‍ക്ക് നീതി ഉറപ്പാക്കുന്നതുവരെ എസ്.ഡി.പി.ഐ സമരപാതയില്‍ ഉണ്ടായിരിക്കുമെന്നും ഷാന്‍ വ്യക്തമാക്കി.