പ്രവാസികള്‍ക്ക് കൊവിഡ് വാക്‌സിനേഷനില്‍ മുന്‍ഗണന നല്‍കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ
മലപ്പുറം: പ്രവാസികള്‍ക്ക് കൊവിഡ് വാക്‌സിനേഷനില്‍ മുന്‍ഗണന നല്‍കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോകരാജ്യങ്ങളില്‍ നിലനില്‍ക്കുന്ന യാത്രാ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ വിസ ഉണ്ടായിട്ടും വാക്‌സിന്‍ എടുക്കാത്തതിനാല്‍ ജോലിയില്‍ തിരികെയത്താനാവാതെ പല പ്രവാസികളും നാട്ടില്‍ കുടുങ്ങിക്കിടക്കുകയാണ്. ഈ സാഹചര്യത്തിലാണ് പ്രവാസികളെ മുന്‍ഗണനാപട്ടകിയില്‍ ചേര്‍ക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ രംഗത്തുവന്നതെന്ന് എസ്ഡിപിഐ മലപ്പുറം ജില്ലാ പ്രസിഡണ്ട് സി.പി.എ .ലത്തീഫ് പറഞ്ഞു.
ചില രാജ്യങ്ങള്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് യാത്രാനുമതിയും ഒപ്പം ക്വാറന്റൈന് ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ സംസ്ഥാനത്ത് വാക്‌സിന്‍ പോളിസി അനുസരിച്ച് രണ്ടു ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ മാസങ്ങള്‍ കാത്തിരിക്കേണ്ടിവരുമെന്ന സ്ഥിതിയാണ് നിലവിലുള്ളത്. കാലതാമസം ഉണ്ടാവുന്നതിനനുസരിച്ച് വിസ കാലാവധി കഴിയുന്നതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പ്രവാസികളുടെ യാത്രയ്ക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ട് യാത്രാ നിയന്ത്രണങ്ങള്‍ മൂലം വിദേശത്തേക്ക് മടങ്ങാന്‍ സാധിക്കാതെ നാട്ടില്‍ കുടുങ്ങിക്കഴിയുന്ന പ്രവാസികള്‍ക്ക് കൊവിഡ് വാക്‌സിനേഷനില്‍ മുന്‍ഗണന നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.