ഓട്ടോ, ടാക്‌സി ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിടിയു ധര്‍ണ

Update: 2021-11-08 07:47 GMT

പാലക്കാട്: ഇന്ധന വിലവര്‍ധനക്കെതിരേയും ഓട്ടോ, ടാക്‌സി ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടും എസ്ഡിടിയു പ്രവര്‍ത്തകര്‍ പാലക്കാട് ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തി. കേന്ദ്ര സര്‍ക്കാരിന്റെ ചെപ്പടിവിദ്യ തിരിച്ചറിയുക, അധിക നികുതി ഒഴിവാക്കുക, ഓട്ടോ-ടാക്‌സി ചാര്‍ജ്ജ് വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങളുമായി സോഷ്യല്‍ ഡെമോക്രാറ്റിക് ട്രേഡ് യൂണിയന്‍ (STDU) സംസ്ഥാന വ്യാപകമായി നടത്തിവരുന്ന പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു പാലക്കാട്ടെ ധര്‍ണ. 

എസ്ഡിടിയു ജില്ലാ പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. പെട്രോള്‍, ഡീസല്‍, പാചകവാതക വിലവര്‍ധനക്കെതിരേ ശക്തമായ സമരങ്ങളുമായി മുന്‍പന്തിയില്‍ ഉണ്ടാകുമെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന ട്രഷറര്‍ ഇ എസ് കാജാ ഹുസൈന്‍ പറഞ്ഞു. അഞ്ച് വര്‍ഷം മുമ്പ് പെട്രോളിന് 65 രൂപ വിലയുള്ള കാലത്ത് വര്‍ധിപ്പിച്ച ഓട്ടോ, ടാക്‌സി, ബസ് ചാര്‍ജ്, ഇന്ധനവില 100 രൂപക്ക് മുകളില്‍ എത്തിയിട്ടും പുതുക്കിയിട്ടില്ല. രജിസ്‌ട്രേഷന്‍ പുതുക്കല്‍, പെര്‍മിറ്റ് ടാക്‌സ്, ഇന്‍ഷുറന്‍സ് എല്ലാത്തിനും ചാര്‍ജ് കുത്തനെ കൂടിയിരിക്കുകയാണ്. ഇത് ഓട്ടോ, ടാക്‌സി, ബസ് മേഖലയിലെ തൊഴിലാളികളെ ബാധിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധന പൊതുജനങ്ങളെയും ബാധിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഇത് കണ്ടില്ലെന്ന് നടിക്കുന്നു. മറ്റു തൊഴിലാളി യൂണിയനുകളും സര്‍ക്കാരും പാവപ്പെട്ട തൊഴിലാളികളുടെ നീറുന്ന പ്രശ്‌നങ്ങള്‍ക്ക് നേരെ കണ്ണടക്കുന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും ശക്തമായ സമരം ആരംഭിക്കുമെന്നും അദ്ദേഹം സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.

എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി, എസ്ഡിപിഐ ജില്ലാ കമ്മിറ്റി അംഗം കുഞ്ഞു മുഹമ്മദ്, എസ്ഡിടിയു ജില്ലാ സെക്രട്ടറി ബഷീര്‍ തൃത്താല, ഹസന്‍ കുട്ടി ഒറ്റപ്പാലം എന്നിവര്‍ സംസാരിച്ചു. 

Tags:    

Similar News