കര്‍ണാടകയിലെ ഓവുചാലില്‍ ഏഴ് ഭ്രൂണങ്ങള്‍ കണ്ടെത്തി;ലിംഗ നിര്‍ണയത്തെ തുടര്‍ന്നുള്ള ഭ്രൂണഹത്യയെന്ന് പോലിസ്
ബംഗളൂരു: കര്‍ണാടകയില്‍ ഏഴ് ഭ്രൂണങ്ങള്‍ പെട്ടിയിലാക്കി ഓടയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ബെലഗാവിയിലെ മുദലഗി പട്ടണത്തിലെ ഓടയിലാണ് ഭ്രൂണങ്ങള്‍ കണ്ടെത്തിയത്. അഞ്ചുമാസം പ്രായമായ ഭ്രൂണങ്ങളാണിതെന്നും ലിംഗ നിര്‍ണയം നടത്തിയ ശേഷം ഭ്രൂണഹത്യ നടത്തിയതാകാമെന്നുമാണ് പോലിസ് പറയുന്നത്.
മൂടലഗി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഓടയില്‍ പെട്ടികള്‍ ഒഴുകുന്നത് വഴിയാത്രക്കാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പോലിസിനെ വിവരമറിയിക്കുകയായിരുന്നു.ഭ്രൂണങ്ങള്‍ കണ്ടെത്തിയ സ്ഥലത്ത് നിന്ന് സര്‍ജിക്കല്‍ മാസ്‌ക്കും ഗ്ലൗസും കണ്ടെത്തിയിട്ടുണ്ട്. ജില്ലാ ഹെല്‍ത്ത് ഓഫിസര്‍ മഹേഷ് കോണി സംഭവം സ്ഥിരീകരിച്ചു.
തെളിവുകളുടെ അടിസ്ഥാനത്തില്‍ പെണ്‍ ശിശുഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇത് സംബന്ധിച്ച് ഗ്രാമപഞ്ചായത്ത് മുഖേന ലോക്കല്‍ പോലിസ് സ്‌റ്റേഷനില്‍ കേസെടുക്കുമെന്നും ജില്ലാ ഹെല്‍ത്ത് ഓഫിസര്‍ പറഞ്ഞു.ഭ്രൂണങ്ങള്‍ പ്രാദേശിക ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൂടുതല്‍ പരിശോധനകള്‍ക്കായി മൃതദേഹം ബെലഗാവി ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് കൊണ്ടുപോകുമെന്ന് ജില്ലാ ഹെല്‍ത്ത് ഓഫിസര്‍ അറിയിച്ചു.