ഇതരജാതിയില്‍പെട്ട പെണ്‍കുട്ടിയെ പ്രണയിച്ചു; ദലിത് പുരുഷനെ നഗ്‌നനാക്കി മര്‍ദ്ദിച്ച കേസില്‍ ഏഴുപേര്‍ അറസ്റ്റില്‍

ഛത്തീസ്ഗണ്ഡ്: ഛത്തീസ്ഗണ്ഡിലെ ശക്തി ജില്ലയില്‍ ദലിത് പുരുഷനെ നഗ്‌നനാക്കി മര്‍ദ്ദിച്ച കേസില്‍ ഏഴ് പേര്‍ അറസ്റ്റില്‍. ഇതര ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ സ്‌നേഹിച്ച കുറ്റത്തിനാണ് ഇയാളെ നഗ്നനാക്കി ഒരു കൂട്ടം ആളുകള്‍ മര്‍ദ്ദിച്ചത്. ഛത്തീസ്ഗഡിലെ ശക്തി ജില്ലയിലെ ബഡെ റാവേലി ഗ്രാമത്തിലാണ് സംഭവം.
സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ്, സഹോദരന്‍, സുഹൃത്ത്, മൂന്ന് അമ്മാവന്മാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഏഴ് പേര്‍ക്കെതിരെയും കൊലപാതകശ്രമം, കലാപമുണ്ടാക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
യുവാവ് താന്‍ പ്രണയിക്കുന്ന പെണ്‍കുട്ടിയെ കാണാന്‍ ചെന്നതാണ് സംഭവങ്ങളുടെ തുടക്കം. വീട്ടിലെത്തിയ യുവാവിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍, വിവസ്ത്രനാക്കി കയറു കൊണ്ട് കൈകള്‍ കൂട്ടിക്കെട്ടി, പൈപ്പും മറ്റു വടികളും ഉപയോഗിച്ച് മര്‍ദ്ദിച്ചുകൊണ്ട് തെരുവിലൂടെ നടത്തുകയായിരുന്നു. ഏപ്രില്‍ ഒന്‍പതിനാണ് സംഭവം. മര്‍ദ്ദനത്തിന്റെ വിഡിയോ വൈറലായതോടെ, പോലിസ് സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.ഇടതു കണ്ണിനും ശരീരത്തിനും പരിക്കേറ്റ യുവാവ് നിലവില്‍ പ്രാദേശിക ആശുപത്രിയില്‍ ചികില്‍സയിലാണ്.