ലഹരി ഉപയോഗം വീട്ടില്‍ അറിയിച്ചെന്ന് ആരോപിച്ച് കളമശ്ശേരിയില്‍ പതിനേഴുകാരന് ക്രൂരമര്‍ദ്ദനം: നിസാര വകുപ്പു ചുമത്തി പോലീസ്

ആശുപത്രി വിട്ടെങ്കിലും പതിനേഴുകാരന്‍ എഴുന്നേറ്റ് നടക്കാനാകാത്ത സ്ഥിതിയാണ്.

Update: 2021-01-23 03:17 GMT

എറണാകുളം: ലഹരി ഉപയോഗം വീട്ടില്‍ അറിയിച്ചെന്ന് ആരോപിച്ച് കൊച്ചി കളമശേരിയില്‍ പതിനേഴുകാരനെ സുഹൃത്തുക്കള്‍ ക്രൂരമായി മര്‍ദ്ദിച്ചു. ശരീരമാസകലം മര്‍ദ്ദനമേറ്റ കുട്ടിയെ കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ശേഷം പിന്നീട് ഡിസ്ചാര്‍ജ്ജ് ചെയ്തു.


കളമശ്ശേരി ഗ്ലാസ് ഫാക്ടറി കോളനിക്ക് സമീപമുള്ള 17കാരനെയാണ് ലഹരി ഉപയോഗിക്കുന്ന സുഹൃത്തുക്കള്‍ അതിക്രൂരമായി മര്‍ദ്ദിച്ചത്. കുട്ടിയുടെ കാലില്‍ ക്രിക്കറ്റില്‍ ബാറ്റ് ചെയ്യുന്നതു പോലെ , ഫോര്‍, സിക്‌സ് എന്നു പറഞ്ഞ് വടിയുപയോഗിച്ച് പലപ്രാവശം അടിക്കുകയും മുടികുത്തിപ്പിടിച്ച് മൂന്നു പേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ഏറെ നേരം നീണ്ട മര്‍ദ്ദനത്തിനൊടുവില്‍ അവശനായി വീണ കുട്ടിയെ നൃത്തം ചെയ്യിപ്പിച്ചു. പിന്നീട് മെറ്റലില്‍ മുട്ടുകുത്തി ഇരുത്തി വീണ്ടും മര്‍ദ്ദിച്ചു.


അക്രമികളിലൊരാള്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്‌തെങ്കിലും മര്‍ദ്ദനമേറ്റ കുട്ടിയുടെ സഹോദരന്‍ അവ വീണ്ടെടുത്തു. ശരീരമാസകലം ക്ഷതമേറ്റ കുട്ടി ദേഹാസ്വസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രി വിട്ടെങ്കിലും പതിനേഴുകാരന്‍ എഴുന്നേറ്റ് നടക്കാനാകാത്ത സ്ഥിതിയാണ്.


പോലീസില്‍ പരാതി എത്തിയതോടെ മര്‍ദ്ദനമേറ്റ കുട്ടിക്കും മര്‍ദ്ദിച്ചവര്‍ക്കും പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകളാണ് ചുമത്തിയത്. പ്രതികളെ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി മൊഴിയെടുത്ത ശേഷം മാതാപിതാക്കള്‍ക്കൊപ്പം വിട്ടയക്കുകയാണ് പോലീസ് ചെയ്തത്.





Tags:    

Similar News