ധീരജിന്റെ സംസ്‌കാരം നാളെ വൈകീട്ട് ജന്മനാടായ തളിപ്പറമ്പില്‍; സിപിഎം ഹർത്താൽ ആചരിക്കും

ചൊവ്വാഴ്ച വൈകീട്ട് നാലു നാലു മണി മുതല്‍ തളിപ്പറമ്പ് ടൗണില്‍ സിപിഎം ഹര്‍ത്താല്‍ ആചരിക്കും. ഹര്‍ത്താലില്‍ നിന്ന് മെഡിക്കല്‍ ഷോപ്പുകളെയും, ഹോട്ടലുകളെയും ഒഴിവാക്കിയിട്ടുണ്ട്.

Update: 2022-01-10 16:47 GMT

കണ്ണൂർ: ഇടുക്കി ഗവൺമെന്റ് എൻജിനീയറിങ് കോളജിൽ കെഎസ്‌യു പ്രവർത്തകരുമായുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട എസ്എഫ്‌ഐ പ്രവർത്തകൻ ധീരജിന്റെ മൃതദേഹം നാളെ (ചൊവ്വ) ജന്മനാടായ തളിപ്പറമ്പിലെത്തിക്കും. സംസ്‌കാരം വൈകീട്ടോടെ നടക്കും.

പോസ്റ്റുമോർട്ടത്തിന് ശേഷം ഇടുക്കി, തൊടുപുഴ, മൂവാറ്റുപുഴ, അങ്കമാലി, ചാലക്കുടി, തൃശ്ശൂർ, കുന്നംകുളം, എടപ്പാൾ, കോട്ടക്കൽ, തേഞ്ഞിപ്പാലം, കോഴിക്കോട്, കൊയിലാണ്ടി, വടകര വഴി മാഹിയിൽ വെച്ച് കണ്ണൂർ ജില്ലയിൽ പ്രവേശിക്കും. കണ്ണൂർ ജില്ലയിൽ മാഹിപ്പാലം, തലശ്ശേരി, മീത്തലെപീടിക, മുഴപ്പിലങ്ങാട് കുളം ബസാർ, തോട്ടട ഗവ. പോളിടെക്‌നിക്ക്, താഴെചൊവ്വ, കണ്ണൂർ തെക്കി ബസാർ, പുതിയതെരു, പാപ്പിനിശ്ശേരി പഞ്ചായത്ത്, കല്യാശ്ശേരി, ധർമ്മശാല എന്നിവിടങ്ങളിൽ ആബുലൻസിൽ വെച്ച് തന്നെ മൃതദേഹം കാണാനുള്ള സൗകര്യം ഒരുക്കുമെന്ന് സിപിഎം നേതാക്കൾ അറിയിച്ചു.

തളിപ്പറമ്പ് കെകെഎൻ പരിയാരം സ്മാരക ഹാളിൽ പൊതുദർശനത്തിന് സൗകര്യമുണ്ടാക്കും. സിപിഎം തളിപ്പറമ്പ് ഏരിയാ കമ്മിറ്റി ഓഫിസിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും. വീടിനടുത്തുള്ള സ്ഥലത്താണ് സംസ്‌കാര ചടങ്ങ് നടക്കുക. ചൊവ്വാഴ്ച വൈകീട്ട് നാലു നാലു മണി മുതൽ തളിപ്പറമ്പ് ടൗണിൽ സിപിഎം ഹർത്താൽ ആചരിക്കും. ഹർത്താലിൽ നിന്ന് മെഡിക്കൽ ഷോപ്പുകളെയും, ഹോട്ടലുകളെയും ഒഴിവാക്കിയിട്ടുണ്ട്. വൈകീട്ട് നാലു മണി മുതൽ തളിപ്പറമ്പ് ടൗൺ സ്‌ക്വയറിൽ ധീരജിന്റെ ഫോട്ടോയുടെ മുമ്പിൽ രക്തപുഷ്പങ്ങൾ അർപ്പിക്കാൻ പ്രത്യേക സൗകര്യമൊരുക്കുമെന്നും ക്രമീകരണങ്ങളുമായി സഹകരിക്കണമെന്നും സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ അറിയിച്ചു.

Tags:    

Similar News