രാഹുല്‍ ഗാന്ധിയുടെ ഓഫിസിലെ ഗാന്ധി ചിത്രം തകര്‍ത്തതില്‍ എസ്എഫ്‌ഐക്ക് പങ്കില്ല;പോലിസ് അന്തിമ റിപോര്‍ട്ട്

പോലിസ് ഫോട്ടോഗ്രാഫറുടെ ഫോട്ടോയും മൊഴിയും അടിസ്ഥാനമാക്കിയാണ് എസ്പി റിപോര്‍ട്ട് തയാറാക്കിയത്

Update: 2022-07-04 04:00 GMT
രാഹുല്‍ ഗാന്ധിയുടെ ഓഫിസിലെ ഗാന്ധി ചിത്രം തകര്‍ത്തതില്‍ എസ്എഫ്‌ഐക്ക് പങ്കില്ല;പോലിസ് അന്തിമ റിപോര്‍ട്ട്

തിരുവനന്തപുരം:രാഹുല്‍ഗാന്ധി എംപിയുടെ വയനാട് കല്‍പറ്റയിലെ ഓഫിസ് ആക്രമണക്കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രതിക്കൂട്ടിലാക്കി പോലിസിന്റെ അന്തിമ റിപോര്‍ട്ട്. ഓഫിസിലെ മഹാത്മാ ഗാന്ധിയുടെ ചിത്രം തകര്‍ത്തത് എസ്എഫ്‌ഐ പ്രവര്‍ത്തകരല്ലെന്ന് വയനാട് പോലിസ് ചീഫിന്റെ റിപോര്‍ട്ടില്‍ പറയുന്നു.

പോലിസ് ഫോട്ടോഗ്രാഫറുടെ ഫോട്ടോയും മൊഴിയും അടിസ്ഥാനമാക്കിയാണ് എസ്പി റിപോര്‍ട്ട് തയാറാക്കിയത്.തെളിവായി ഫോട്ടോകളും റിപോര്‍ട്ടിനൊപ്പം ഹാജരാക്കിയിട്ടുണ്ട്. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കസേരയില്‍ വാഴ വയ്ക്കുന്ന സമയത്ത് ഗാന്ധി ചിത്രം ചുമരിലുണ്ടായിരുന്നു. അതിനുശേഷം ചിത്രം ആദ്യം തറയില്‍ കാണുന്നത് കമഴ്ത്തിയിട്ട നിലയിലാണെന്നും റിപോര്‍ട്ടില്‍ പറയുന്നുണ്ട്. എംപി ഓഫിസിലെ എസ്എഫ്‌ഐ ആക്രമണത്തിന് ശേഷം ഗാന്ധി ചിത്രം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നശിപ്പിച്ചു എന്നായിരുന്നു ഉയര്‍ന്ന ആരോപണം. പോലിസിന്റെ റിപോര്‍ട്ട് പുറത്തുവന്നതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപണ മുനയിലായിരിക്കുകയാണ്.

എംപി ഓഫിസ് ആക്രമണ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അവിടെ ഉണ്ടായിരുന്ന പോലിസ് ഫോട്ടോഗ്രാഫറുടെ മൊഴിയും ദൃശ്യങ്ങളും ആണ് പ്രധാന തെളിവായിരിക്കുന്നത്. സമരത്തിന് ശേഷം 25 എസ്എഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുമ്പോള്‍ അകത്തുണ്ടായിരുന്ന പോലിസ് ഫോട്ടോഗ്രാഫര്‍ 3.59ന് പകര്‍ത്തിയ ചിത്രങ്ങളില്‍ ഗാന്ധി ചിത്രം ചുമരില്‍ തന്നെ ഉണ്ട്. ഇവരെ അറസ്റ്റ് ചെയ്തതിനു ശേഷം താഴേക്ക് പോയ ഫോട്ടോഗ്രാഫര്‍ തിരികെ എത്തുന്നത് 4.30 ന് ആണ്. ആ സമയം ഓഫിസിനുള്ളില്‍ കോണ്‍ഗ്രസ്, യുഡിഎഫ് പ്രവര്‍ത്തകര്‍ മാത്രമാണുള്ളത്. ഈ സമയത്ത് പകര്‍ത്തിയ ഫോട്ടോയില്‍ ഓഫിസ് അലങ്കോലപ്പെട്ട നിലയിലും ഗാന്ധി ചിത്രം നിലത്തുകിടക്കുന്ന അവസ്ഥയിലുമാണെന്ന് പോലിസ് റിപോര്‍ട്ടില്‍ പറയുന്നു.

എംപിയുടെ ഓഫിസ് ആക്രമണം നടന്ന ശേഷം കോണ്‍ഗ്രസ് നേതാക്കള്‍ ഓഫിസിന് അകത്ത് എത്തുമ്പോഴാണ് ഗാന്ധി ചിത്രവും എസ്എഫ്‌ഐക്കാര്‍ തകര്‍ത്തെന്ന ആരോപണം ഉന്നയിക്കുന്നത്. നിലത്ത് കടന്ന ഗാന്ധി ചിത്രം ചൂണ്ടിക്കാട്ടി ആയിരുന്നു ആരോപണം. ഓഫിസ് ആക്രമണത്തിനൊപ്പം ഈ ചിത്രങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു. ബിജെപിയുടെ ക്വട്ടേഷന്‍ ഏറ്റെടുത്ത സിപിഎം,എസ്എഫ്‌ഐക്കാരെക്കൊണ്ട് രാഹുല്‍ഗാന്ധി എംപിയുടെ ഓഫിസ് ആക്രമിക്കുകയാണെന്നും അതിന്റെ തെളിവാണ് ഗാന്ധി ചിത്രം പോലും തകര്‍ത്തതെന്നും ആയിരുന്നു കോണ്‍ഗ്രസിന്റെ പ്രധാന ആരോപണം.

Tags:    

Similar News