ഷബാന ആസ്മിയും നസീറുദ്ദീന്‍ ഷായും രാജ്യത്തെ വിഭജിക്കുന്ന സംഘത്തിന്റെ ഏജന്റുമാര്‍; മധ്യപ്രദേശ് മന്ത്രി

Update: 2022-09-03 10:39 GMT

ന്യൂഡല്‍ഹി: ചലച്ചിത്രതാരങ്ങളായ ഷബാന ആസ്മി, നസീറുദ്ദീന്‍ ഷാ, ജാവേദ് അക്തര്‍ എന്നിവര്‍ രാജ്യത്തെ വിഭജിക്കുന്ന സംഘത്തിന്റെ ഏജന്റുമാരാണെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. ടുക്‌ഡെ ടുക്‌ഡെ സംഘത്തിന്റെ സ്ലീപ്പര്‍ സെല്ലുകളാണെന്നാണ് നരോത്തം മിശ്ര പറഞ്ഞത്. ബിജെപിയുടെ വിമര്‍ശകരെ അവര്‍ വിളിക്കുന്ന പേരാണ് ടുക്‌ഡെ ടുക്‌ഡെ സംഘം.

ബിജെപിക്കാര്‍ വിമര്‍ശകരെ പരാമര്‍ശിക്കാന്‍ ഉപയോഗിക്കുന്ന അപകീര്‍ത്തികരമായ പദമാണ് ടുക്‌ഡെ ടുക്‌ഡെ. രണ്ട് അഭിനേതാക്കളും ഗാനരചയിതാവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പ്രശ്‌നങ്ങളെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.

'ശബാന ആസ്മി, നസീറുദ്ദീന്‍ ഷാ, ജാവേദ് അക്തര്‍ എന്നിവരെപ്പോലുള്ളവര്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടക്കുന്ന സംഭവങ്ങളെ മാത്രം വിമര്‍ശിക്കുന്നവരാണ്. തുക്‌ഡെ തുക്‌ഡെ സംഘത്തിന്റെ സ്ലീപ്പര്‍ സെല്ലിന്റെ ഏജന്റുമാരാണ്,' മിശ്ര പറഞ്ഞു.

ബില്‍ക്കിസ് ബാനോ കേസില്‍ കുറ്റവാളികളെ മോചിപ്പിച്ചതിനെ ഷബാന ആസ്മി വിമര്‍ശിച്ചിരുന്നു.

'ബില്‍ക്കിസ് ബാനുവിനെക്കുറിച്ച് പറയാന്‍ എനിക്ക് വാക്കുകളില്ല, എനിക്ക് ലജ്ജ തോന്നുന്നു' ആസ്മി പറഞ്ഞു.

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് അവര്‍ നിശ്ശബ്ദയാവുന്നുവെന്ന് മന്ത്രി മിശ്ര ആരോപിച്ചു.

രാജസ്ഥാനില്‍ കനയ്യ ലാല്‍ കൊല്ലപ്പെട്ടതിനെക്കുറിച്ചോ ജാര്‍ഖണ്ഡില്‍ ജീവനോടെ കത്തിച്ച സ്ത്രീയെക്കുറിച്ചോ ഷബാന ആസ്മി ഒന്നും പറഞ്ഞിട്ടില്ലെന്നും മിശ്ര കുറ്റപ്പെടുത്തി.

Tags:    

Similar News