തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മ ആശുപത്രി വിട്ടു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത പ്രതിയെ പോലിസ് അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റി. കസ്റ്റഡിയിലിരിക്കെ നെടുമങ്ങാട് ഡിവൈഎസ്പി ഓഫിസില്‍വച്ച് അണുനാശിനി കുടിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചതിന് പിന്നാലെയാണ് ഗ്രീഷ്മയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നത്. അട്ടക്കുളങ്ങര വനിതാ ജയിലിലേക്കാണ് ഗ്രീഷ്മയെ മാറ്റിയത്.
രണ്ട് ദിവസം മുമ്പ് ഡിവൈഎസ്പി ഓഫിസിന് പുറത്തെ ശുചിമുറിയില്‍ വച്ചാണ് ഗ്രീഷ്മ അണുനാശിനി കുടിച്ചത്. അതേസമയം, കേസില്‍ കേരള പോലിസിന് അന്വേഷണം തുടരാം. കേസ് അന്വേഷണത്തിന് തടസ്സമില്ലെന്നാണ് നിയമോപദേശം. തമിഴ്നാട് പോലിസുമായി സഹകരിച്ച് അന്വേഷിക്കാമെന്നും നിയമോപദേശം ലഭിച്ചു. കേസ് തമിഴ്നാടിന് കൈമാറില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് ഉറപ്പുനല്‍കിയതായി ഷാരോണിന്റെ കുടുംബം അറിയിച്ചിരുന്നു. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും ഷാരോണിന്റെ മാതാപിതാക്കള്‍ പറഞ്ഞു.