'കുറ്റസമ്മതം ക്രൈംബ്രാഞ്ചിന്റെ സമ്മര്‍ദം മൂലം'; ഷാരോണ്‍ രാജ് വധക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മ മൊഴി മാറ്റി

Update: 2022-12-09 06:34 GMT

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മ മൊഴിമാറ്റി. നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റ് വിനോദ് ബാബുവിന് മുന്നിലാണ് മൊഴി മാറ്റി നല്‍കിയത്. ക്രൈംബ്രാഞ്ചിന്റെ കടുത്ത സമ്മര്‍ദം മൂലമാണ് കുറ്റസമ്മതം നടത്തിയത്. അമ്മയേയും അമ്മാവനേയും ഒഴിവാക്കാമെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇത് വിശ്വസിച്ചാണ് കുറ്റമേറ്റത്. പക്ഷേ, മറിച്ചാണ് സംഭവിച്ചത്. അതുകൊണ്ടാണ് ഇപ്പോള്‍ രഹസ്യമൊഴി നല്‍കുന്നതെന്നും ഗ്രീഷ്മ മജിസ്‌ട്രേറ്റിനെ അറിയിച്ചു. ചോദ്യം ചെയ്യലിന്റെ ആദ്യദിനം തന്നെ ഗ്രീഷ്മ കുറ്റം സമ്മതിക്കുകയായിരുന്നുവെന്നാണ് പോലിസ് പറഞ്ഞത്.

പലതവണ ജ്യൂസില്‍ കീടനാശിനി കലര്‍ത്തി നല്‍കിയതായി ഗ്രീഷ്മ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. ഇതെല്ലാം നിഷേധിക്കുന്ന തരത്തിലാണ് പുതിയ മൊഴി. അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്നാണ് അന്വേഷണസംഘം ഗ്രീഷ്മയുമായി നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതിയിലെത്തിയത്. അഭിഭാഷകനുമായി രണ്ട് മിനിറ്റ് തനിച്ച് സംസാരിക്കാന്‍ ഗ്രീഷ്മയ്ക്ക് അവസരം നല്‍കിയ പോലിസ്, രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനായി രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റ് വിനോദ് ബാബുവിന്റെ മുറിയിലെത്തിച്ചു. പെന്‍കാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തണമോ എന്ന മജസ്‌ട്രേറ്റിന്റെ ചോദ്യത്തിന് ഗ്രീഷ്മ വേണമെന്ന് മറുപടി നല്‍കിയതോടെ വീഡിയോ കാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയാണ് മജിസ്‌ട്രേറ്റിന്റെ മുറിയില്‍ രഹസ്യമൊഴി രേഖപ്പെടുത്തിയത്.

അതേസമയം, ഗ്രീഷ്മയുടെ റിമാന്‍ഡ് കാലാവധി ഡിസംബര്‍ 22 വരെ നീട്ടി. ഗ്രീഷ്മയുടെ അമ്മ സിന്ധുവിന്റെയും അമ്മാവന്‍ നിര്‍മല്‍കുമാറിന്റെയും ജാമ്യാപേക്ഷ കഴിഞ്ഞദിവസം കോടതി തള്ളിയിരുന്നു. അന്വേഷണം നടക്കുന്ന ഘട്ടത്തില്‍ ജാമ്യം നല്‍കാനാവില്ലെന്ന് കോടതി പറഞ്ഞു. പ്രതികള്‍ കുറ്റം ചെയ്തതിന് തെളിവുണ്ടെന്നും അന്വേഷണം അന്തിമഘട്ടത്തില്‍ ആയതിനാല്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നുമാണ് പ്രോസിക്യൂഷനും വാദിച്ചിരുന്നത്.

എന്നാല്‍, കൊലപാതകത്തില്‍ പങ്കില്ലെന്നും ഗ്രീഷ്മയും ഷാരോണും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് അറിയില്ലെന്നുമാണ് പ്രതികള്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞത്. കഷായം കുടിച്ച് ഗുരുതരാവസ്ഥയിലായ ഷാരോണ്‍ രാജ് ചികില്‍സയിലിരിക്കെ കഴിഞ്ഞ ഒക്ടോബര്‍ 25ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മരിച്ചത്. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോള്‍ ഷാരോണിനെ ഒഴിവാക്കാനായി ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്.

Tags:    

Similar News