തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിന്റെ അന്വേഷണം തമിഴ്‌നാടിന് കൈമാറണമെന്ന് കേരള പോലിസിന് നിയമോപദേശം. റൂറല്‍ എസ്പി ഡി ശില്‍പയ്ക്കാണ് നിയമോപദേശം ലഭിച്ചത്. കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും തമിഴ്‌നാട്ടില്‍വച്ചാണ്. തൊണ്ടിമുതല്‍ കണ്ടെത്തിയതും തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്നാണ്. കുറ്റകൃത്യം സംബന്ധിച്ച ഭൂരിഭാഗം കാര്യങ്ങളും നടന്നത് സംസ്ഥാനത്തിനു പുറത്തായതിനാല്‍ തമിഴ്‌നാട് പോലിസ് തന്നെ തുടരന്വേഷണം നടത്തുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്യുന്നതാണ് അഭികാമ്യമെന്ന് നിയമോപദേശത്തില്‍ പറയുന്നു.
കുറ്റകൃത്യം നടന്നത് തമിഴ്‌നാട്ടിലെ പളുകല്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലായതിനാല്‍ കേരള പോലിസ് അന്വേഷണം നടത്തുന്നത് ഉചിതമല്ലെന്നാണ് നിയമോപദേശത്തില്‍ പറയുന്നത്. കേരള പോലിസ് അന്വേഷണം നടത്തുന്നത് ഭാവിയില്‍ നിയമപ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കാന്‍ സാധ്യതയുണ്ട്. വിചാരണവേളയില്‍ കേരള പോലിസിന്റെ അധികാരപരിധി പ്രതികള്‍ ചോദ്യം ചെയ്യാനുള്ള സാധ്യത കണക്കിലെടുത്താണ് അന്വേഷണം കൈമാറാനുള്ള നിര്‍ദേശം.
ഷാരോണിന് വിഷം കലര്‍ന്ന കഷായം നല്‍കിയത് ഗ്രീഷ്മയുടെ കന്യാകുമാരി ജില്ലയിലെ രാമവര്‍മന്‍ചിറയിലെ വീട്ടില്‍ വച്ചാണ്. ഈ വീട് സ്ഥിതി ചെയ്യുന്നത് തമിഴ്‌നാട്ടിലെ പളുകല്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലാണ്. തെളിവുകള്‍ കണ്ടെടുത്തതും ഇവിടെ നിന്നാണ്. ഷാരോണ്‍ വധക്കേസില്‍ പരാതി ലഭിച്ചതും കേസ് രജിസ്റ്റര്‍ ചെയ്തതും കേരളത്തിലെ പാറശ്ശാല പോലിസാണ്. ഇത് പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു. കുറ്റകൃത്യം നടന്നത് തമിഴ്‌നാട്ടിലായതിനാല്‍ അന്വേഷണവുമായി മുന്നോട്ടുപോവുന്നതില്‍ നിയമപ്രശ്‌നമുണ്ടോ എന്നറിയാനാണ് ക്രൈംബ്രാഞ്ച് നിയമോപദേശം തേടിയത്.
അതേസമയം, കേസ് കൈമാറുന്നതില്‍ ആശങ്കയുണ്ടെന്ന് കൊല്ലപ്പെട്ട ഷാരോണിന്റെ അച്ഛന്‍ പ്രതികരിച്ചു. ഷാരോണിന്റെ പെണ്‍സുഹൃത്തായ ഗ്രീഷ്മയുടെ കന്യാകുമാരി രാമവര്‍മന്‍ചിറയിലെ വീട്ടില്‍വച്ചാണ് യുവാവിന് വിഷം കലര്‍ത്തിയ കഷായം നല്‍കിയത്. എന്നാല്‍, വൃക്കയും കരളും തകരാറിലായ ഷാരോണ്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നതിനിടെയാണ് മരണം. കേസില്‍ കൊല്ലപ്പെട്ട ഷാരോണിന്റെ പെണ്‍സുഹൃത്ത് ഗ്രീഷ്മ, അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍കുമാര്‍ എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗ്രീഷ്മയുടെ വീട്ടില്‍ നടത്തിയ തെളിവെടുപ്പില്‍ വിഷക്കുപ്പി ഉള്‍പ്പെടെ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.