കോര്‍പറേഷന്‍ നികുതി വെട്ടിപ്പ്: കൂടുതല്‍ ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്ന് ആഭ്യന്തര അന്വേഷണ സമിതി റിപോര്‍ട്ട്
രണ്ടു പേര്‍ക്കെതിരെ കൂടി നടപടി ആവശ്യപ്പെട്ടുള്ള റിപോര്‍ട്ടിന്മേല്‍ നഗരസഭ നിയമോപദേശം തേടി
തിരുവനന്തപുരം: കോര്‍പറേഷനിലെ നികുതി വെട്ടിപ്പില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്ന് ആഭ്യന്തര അന്വേഷണ സമിതിയുടെ പുതിയ റിപോര്‍ട്ട്. രണ്ടു പേര്‍ക്കെതിരെ കൂടി നടപടി ആവശ്യപ്പെട്ടുള്ള റിപോര്‍ട്ടില്‍ തുടര്‍ നടപടിക്കായി നഗരസഭ നിയമോപദേശം തേടി. അതിനിടെ ഉദ്യോഗസ്ഥരില്‍ നിന്ന് പണം ഈടാക്കാനുള്ള ശുപാര്‍ശയില്‍ നടപടി വൈകുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം.
നികുതി വരുമാനത്തില്‍ 33 ലക്ഷം രൂപ വെട്ടിച്ച കേസിലാണ് കൂടുതല്‍ ഉദ്യോഗസ്ഥര്‍ കുടുങ്ങുന്നത്. കോര്‍പറേഷന്‍ സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ഉദ്യോഗസ്ഥരില്‍ നിന്ന് പിഴ ചുമത്തി പണം തിരികെ പിടിക്കാനാണ് കോര്‍പറേഷന്‍ തീരുമാനം. ഇതിനായി നിയമോപദേശം തേടിയ കോര്‍പറേഷന്‍, തുടര്‍ നടപടിക്കായി റിപോര്‍ട്ട് തദ്ദേശ വകുപ്പ് ഡയറക്ടറേറ്റിലേക്ക് അയക്കും. നികുതി വെട്ടിപ്പ് പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥനെ കുറ്റക്കാരനാക്കി ആദ്യം നിയോഗിച്ച അന്വേഷണസമിതി റിപോര്‍ട്ട് സമര്‍പ്പിച്ചത് വിവാദമായതോടെയാണ് പുതിയ അന്വേഷണം നടന്നത്.
നികുതി വെട്ടിപ്പില്‍ സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥരെ തിരികെ സര്‍വ്വീസിലെടുക്കാന്‍ നീക്കമുണ്ടെന്നാണ് പ്രതിപക്ഷ വിമര്‍ശനം. നേമം മേഖലാ ഓഫിസില്‍ 26.75 ലക്ഷം രൂപയുടെ വെട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥയെ അടക്കം അതേ സ്ഥലത്ത് നിയമിക്കാന്‍ നീക്കമുണ്ടെന്നാണ് ആരോപണം.