ന്യൂഡല്‍ഹി: 20 വര്‍ഷത്തിനുശേഷം ഗാന്ധി കുടുംബത്തിനു പുറത്തുനിന്നുള്ള ഒരാളായിരിക്കും ഇത്തവണ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തെക്കുകയെന്ന് ഏകദേശം ഉറപ്പായി. അധ്യക്ഷസ്ഥാനത്തേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടും തിരുവനന്തപുരം നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ശശി തരൂരും മല്‍സരരംഗത്തുണ്ടാവും. അശോക് ഗലോട്ട് ഗാന്ധി കുടുംബവുമായി അടുത്ത ബന്ധമുളള നേതാവാണ്. പാര്‍ട്ടിയില്‍ പരിഷ്‌കരണമാവശ്യപ്പെടുന്ന വിഭാഗത്തിന്റെ നേതാവാണ് ശശി തരൂര്‍.
കോണ്‍ഗ്രസ്സിന്റെ ജി 23 ഗ്രൂപ്പിലെ പ്രധാന നേതാക്കളിലൊരാളാണ് ശശി തരൂര്‍. പാര്‍ട്ടി നേതൃത്വത്തിന്റെ പ്രശ്‌നങ്ങളാണ് കോണ്‍ഗ്രസ്സിന്റെ അധോഗതിക്ക് കാരണമെന്നാണ് ജി 23 നേതൃത്വത്തിന്റെ കാഴ്ചപ്പാട്.
വിദേശത്തുനിന്ന് ചികില്‍സ കഴിഞ്ഞ് എത്തിയ സോണിയാഗാന്ധിയെ തരൂര്‍ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു.
ഒക്ടോബര്‍ 17നാണ് അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ്.
രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട് രാഹുല്‍ പക്ഷത്തെയാണ് പ്രതിനിധീകരിക്കുന്നത്. രാഹുലിനെ അധ്യക്ഷനാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് രാജസ്ഥാന്‍ കോണ്‍ഗ്രസ് അംഗീകരിച്ച പ്രമേയം അവതരിപ്പിച്ചതുതന്നെ ഗലോട്ടാണ്.
ഗാന്ധി കുടുംബത്തിനോട് താല്‍പര്യമുള്ളവരുടെ പിന്തുണയും ഗലോട്ടിനായിരിക്കും. പരിഷ്‌കരണവാദികളും തല്‍സ്ഥിതിവാദികളും തമ്മിലുള്ള പോരാട്ടമായാണ് പലരും ഇന്നത്തെ സ്ഥിതിവിശേഷത്തെ കണക്കാക്കുന്നത്.
ആര്‍ക്കുവേണമെങ്കിലും പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാമെന്നും അതിന് ആരുടെയും അനുമതിക്കായി കാത്തുനില്‍ക്കേണ്ടെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ ജയ്‌റാം രമേശ് പ്രതികരിച്ചു.
അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നാമനിര്‍ദേശപത്രിക മൂന്ന് ദിവസത്തിനുള്ളില്‍ സ്വീകരിച്ചുതുടങ്ങും.