ശശി തരൂര്‍ കണ്ണൂരില്‍; മലബാര്‍ പര്യടനം ഇന്ന് പൂര്‍ത്തിയാവും

Update: 2022-11-23 01:04 GMT

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് ഡോ. ശശി തരൂരിന്റെ മലബാര്‍ ജില്ലകളിലെ പര്യടനം ഇന്ന് പൂര്‍ത്തിയാവും. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പര്യടനത്തിനുശേഷമാണ് ഇന്നു കണ്ണൂരില്‍, മലബാര്‍ പര്യടനം ശശി തരൂര്‍ പൂര്‍ത്തിയാക്കുക. രാവിലെ ഒമ്പതിന് തലശ്ശേരി ആര്‍ച്ച് ബിഷപ്‌സ് ഹൗസിലെത്തി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുമായി കൂടിക്കാഴ്ച നടത്തുന്ന തരൂര്‍, തുടര്‍ന്ന് കോണ്‍ഗ്രസ് ഭവനിലെത്തി നേതാക്കളെ കാണും. 10.45നു പള്ളിക്കുന്നിലെ വസതിയിലെത്തി അന്തരിച്ച സതീശന്‍ പാച്ചേനിയുടെ കുടുംബത്തെ കാണും.

11.15ന് ജവഹര്‍ ലൈബ്രറി ഓഡിറ്റോറിയത്തില്‍ ജവഹര്‍ ലൈബ്രറി ആന്റ് റിസര്‍ച്ച് സെന്റര്‍ സംഘടിപ്പിക്കുന്ന നെഹ്‌റു സ്മാരക പ്രഭാഷണത്തില്‍ 'മതേതരത്വം നേരിടുന്ന വെല്ലുവിളികള്‍' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 12ന് പയ്യാമ്പലം ഉര്‍സുലൈന്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികളുമായുള്ള സംവാദ പരിപാടിയിലും ശശി തരൂര്‍ പങ്കെടുക്കുന്നുണ്ട്. എഴുത്തുകാരന്‍ വാണിദാസ് എളയാവൂര്‍, കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് മട്ടന്നൂരിലെ എസ്പി ഷുഹൈബ് എന്നിവരുടെ വസതികളും സന്ദര്‍ശിച്ച ശേഷം വിമാനത്താവളത്തിലെത്തി വൈകുന്നേരം 3.50നു തിരുവനന്തപുരത്തേക്കു മടങ്ങും. ശശി തരൂര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിന് ആര്‍ക്കും വിലക്കോ തടസ്സമോ ഏര്‍പ്പെടുത്തിയിട്ടില്ലെന്നു ഡിസിസി നേതൃത്വം അറിയിച്ചു.

Tags:    

Similar News