ആജീവനാന്ത തൊഴിലെന്ന് കരുതിയല്ല കോണ്‍ഗ്രസില്‍ എത്തിയതെന്ന് ശശി തരൂര്‍

കേവലം സീറ്റുകള്‍ക്കോ വോട്ടുകള്‍ക്കോ വേണ്ടി തന്റെ ആശയങ്ങളെ ത്യജിക്കാന്‍ കഴിയില്ലെന്നും ശശി തരൂര്‍ വ്യക്തമാക്കി.

Update: 2019-09-09 15:23 GMT

ന്യൂഡല്‍ഹി: സീറ്റോ വോട്ടോ ലഭിക്കുന്നതിന് വേണ്ടിയല്ല താന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്ന് ശശി തരൂര്‍ എംപി. പുരോഗമന ആശയങ്ങള്‍ പങ്കിടുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗമെന്ന നിലയ്ക്കാണ് കോണ്‍ഗ്രസില്‍ അംഗമായതെന്നും ശശി തരൂര്‍ പറഞ്ഞു. ഡല്‍ഹിയില്‍ യൂത്ത് കോണ്‍ഗ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു തരൂര്‍.

ആജീവനാന്ത തൊഴിലെന്ന് കരുതിയില്ല താന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇന്ത്യയുടെ അഭിവൃദ്ധിക്ക് ആവശ്യമായ സമഗ്രവും പുരോഗമനപരവുമായ ആശയങ്ങള്‍ പങ്കുവെക്കാന്‍ കഴിയുന്ന ഏറ്റവും നല്ല മാര്‍ഗമെന്ന നിലയിലാണ് താന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അതുകൊണ്ട് തന്നെ കേവലം സീറ്റുകള്‍ക്കോ വോട്ടുകള്‍ക്കോ വേണ്ടി തന്റെ ആശയങ്ങളെ ത്യജിക്കാന്‍ കഴിയില്ലെന്നും ശശി തരൂര്‍ വ്യക്തമാക്കി.പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ച് സംസാരിച്ചതിന് തരൂരിന് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്ന് രൂക്ഷ വിമര്‍ശനമേല്‍ക്കേണ്ടി വന്നിരുന്നു.

അതിനിടെ, ഹിന്ദി ഹൃദയ ഭൂമിയില്‍ കോണ്‍ഗ്രസിന്റെ ശോചനീയാവസ്ഥക്കുള്ള ഉത്തരം ഭൂരിപക്ഷ പ്രീണനമോ മൃദുഹിന്ദുത്വം വാഗ്ദാനം ചെയ്യലോ അല്ലെന്ന് കഴിഞ്ഞ ദിവസം ശശി തരൂര്‍ വ്യക്തമാക്കിയിരുന്നു.ഇന്ത്യയില്‍ മതേതരത്വത്തിനായി പ്രതിരോധമുയര്‍ത്തുകയും അതിന് നേതൃത്വം നല്‍കുകയും ചെയ്യേണ്ട ബാധ്യത കോണ്‍ഗ്രസിനുണ്ട്.മതത്തില്‍ വീര്യം കൂടിയതും കുറഞ്ഞതും ഇല്ല. മൃദു ഹിന്ദുത്വം കോണ്‍ഗ്രസിനെ ഇല്ലാതാക്കുമെന്നും ശശി തരൂര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Tags:    

Similar News