വിളയോടി ശിവന്‍കുട്ടിയുടെ അന്യായ അറസ്റ്റ്; ദുരൂഹ മരണത്തില്‍ പ്രതികളെ സംരക്ഷിക്കാനുള്ള ആസൂത്രിത ശ്രമം: അജ്മല്‍ ഇസ്മായീല്‍

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ദുരൂഹ മരണങ്ങളും അസ്വാഭാവിക മരണങ്ങളും നടക്കുന്ന ജില്ലയായി പാലക്കാട് മാറിയിട്ടുണ്ട്. എന്നാല്‍ കേസുകളിലെല്ലാം പ്രതികള്‍ രക്ഷപ്പെടാന്‍ പഴുതുകളൊരുക്കുന്നത് പോലീസ് ഇടപെടലാണെന്ന ആക്ഷേപം ശക്തമാണ്

Update: 2021-09-25 13:07 GMT
പാലക്കാട്: പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന പ്രസിഡന്റുമായ വിളയോടി ശിവന്‍കുട്ടിയെ അന്യായമായി അറസ്റ്റു ചെയ്ത നടപടി ആദിവാസി യുവാവിന്റെ കൊലപാതകക്കേസിലെ പ്രതികളെ സംരക്ഷിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്ന് എസ്ഡിപിഐ സംസ്ഥാന ഖജാന്‍ജി അജ്മല്‍ ഇസ്മായീല്‍. പാലക്കാട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ജൂലൈ 24 ന് പാലക്കാട് ജില്ലയിലെ ഗോവിന്ദപുരം അംബേദ്കര്‍ കോളനിയില്‍ ശിവരാജന്‍ (24) ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവം ആത്മഹത്യയാക്കി മാറ്റുന്നതില്‍ പോലീസിന് അമിത താല്‍പ്പര്യമുള്ളതായി സംശയിക്കുന്നു. ശിവരാജന്റെ ദുരൂഹമരണത്തില്‍ പരമ്പരാഗത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കുറ്റകരമായ മൗനമവലംബിക്കുകയാണ്. അതുകൊണ്ടു തന്നെ ശിവരാജനെ മീങ്കര ഡാമില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ഉന്നത സംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിളയോടി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പ്രക്ഷോഭം ആരംഭിച്ചിരുന്നു.

ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ 22 ന് പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്. ജനകീയ പ്രക്ഷോഭം ശക്തമായാല്‍ കേസിന്റെ ചുരുളഴിയാനും പ്രതികള്‍ പിടിക്കപ്പെടാനും സാധ്യതയുണ്ടെന്ന നിഗമനമാണ് ഏതു വിധേനയും പ്രക്ഷോഭങ്ങള്‍ തടയേണ്ടത് പലരുടെയും ആവശ്യമാകാന്‍ കാരണമാകുന്നത്. പാലക്കാട് ജില്ലയില്‍ ദലിത്, ആദിവാസി, മുസ്‌ലിം വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് പോലീസ് ഒത്താശചെയ്യുന്നതായി ആക്ഷേപം ശക്തമായിരിക്കുകയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ദുരൂഹ മരണങ്ങളും അസ്വാഭാവിക മരണങ്ങളും നടക്കുന്ന ജില്ലയായി പാലക്കാട് മാറിയിട്ടുണ്ട്. എന്നാല്‍ കേസുകളിലെല്ലാം പ്രതികള്‍ രക്ഷപ്പെടാന്‍ പഴുതുകളൊരുക്കുന്നത് പോലീസ് ഇടപെടലാണെന്ന ആക്ഷേപം ശക്തമാണ്. സംസ്ഥാനത്ത് വിദ്വേഷവും വര്‍ഗീയതയും പ്രചരിപ്പിച്ച് സാമൂഹികരംഗം സംഘര്‍ഷഭരിതമാക്കാന്‍ ആസൂത്രിത ശ്രമം നടത്തുന്നവര്‍ക്കെതിരേ കേസെടുക്കാന്‍ പോലും സര്‍ക്കാര്‍ അറച്ചുനില്‍ക്കുമ്പോള്‍ ഒരു പ്രസംഗത്തിന്റെ പേരില്‍ തിടുക്കപ്പെട്ട് നടത്തിയ അറസ്റ്റ് ഇടതു സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നത്. യുപിയിലെ ഹാഥറാസില്‍ ദലിത് പെണ്‍കുട്ടി ക്രൂര ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസില്‍ പ്രതികളെ രക്ഷിക്കാന്‍ പ്രതിഷേധിച്ചവരെ തടവിലാക്കുകയായിരുന്നു. ഇതു തന്നെയാണ് ഇടതു സര്‍ക്കാരും ആവര്‍ത്തിക്കുന്നതെന്നും അജ്മല്‍ ഇസ്മായീല്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡന്റ് എസ് പി അമീര്‍ അലി, ജില്ലാ ജനറല്‍ സെക്രട്ടറി കെ ടി അലവി എന്നിവരും പങ്കെടുത്തു.


Tags:    

Similar News