കാലാവധി കഴിഞ്ഞ മരുന്നുകളുടെ വിതരണം: ഇടതു സര്‍ക്കാര്‍ ജീവന്‍ പന്താടുന്നു-അജ്മല്‍ ഇസ്മാഈല്‍

Update: 2023-10-24 11:50 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് 26 സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ക്ക് കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്‌തെന്ന സിഎജി കണ്ടെത്തല്‍ പൊതുജനങ്ങളുടെ ജീവന്‍ തുലാസില്‍ വെച്ചും അഴിമതി നടത്താന്‍ ഇടതു സര്‍ക്കാര്‍ തയ്യാറാകുന്നതിന്റെ വ്യക്തമായ ഉദാഹരണമാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മാഈല്‍. വിതരണം മരവിപ്പിച്ച നാല് കോടിയോളം രൂപയുടെ മരുന്നുകളാണ് 2016 മുതല്‍ 2022 വരെ ആശുപത്രികളില്‍ എത്തിയതെന്ന റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നതാണ്. മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനെ ഇടനിലക്കാരാക്കി കോടികളുടെ അഴിമതിയാണ് നടക്കുന്നത്. വിതരണം മരവിപ്പിച്ച 3.75 കോടി രൂപയുടെ മരുന്നുകള്‍ 483 ആശുപത്രികളിലും വിതരണം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ട 11.69 ലക്ഷത്തിന്റെ മരുന്നുകള്‍ 148 ആശുപത്രികളിലും രോഗികള്‍ക്ക് നല്‍കിയെന്നാണ് കണ്ടെത്തല്‍. കാലാവധി കഴിഞ്ഞ മരുന്നുകളില്‍ രാസമാറ്റം സംഭവിക്കുമെന്നതിനാല്‍ രോഗികളുടെ ജീവന്‍ തന്നെ അപകടത്തിലാകാന്‍ ഇടയാക്കും. കൊവിഡിനെ മറയാക്കി മാസ്‌കും പിപിഇ കിറ്റും ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ അമിത വിലയ്ക്ക് വാങ്ങി കോടികളുടെ അഴിമതിയാണ് നടത്തിയത്. 545 രൂപയ്ക്ക് പിപിഇ കിറ്റ് ലഭ്യമായിരിക്കേ 1550 രൂപ നല്‍കിയാണ് അന്ന് കിറ്റ് വാങ്ങിയത്. മെഡിക്കല്‍ കോര്‍പറേഷനും ആരോഗ്യവകുപ്പും നടത്തുന്ന അഴിമതിക്ക് ഇടതു സര്‍ക്കാര്‍ പച്ചക്കൊടി കാണിക്കുകയാണ്. അഴിമതിയേക്കാള്‍ ഉപരിയായി ജനങ്ങളുടെ ജീവന്‍ തുലാസില്‍ വെച്ചാണ് നിലവാരമില്ലാത്ത മരുന്നുകള്‍ വിറ്റ് കൊള്ളയടിച്ചത്. ഇതിനെതിരേ സമഗ്രമായ അന്വേഷണവും ശക്തമായ നിയമനടപടിയും വേണമെന്ന് അജ്മല്‍ ഇസ്മാഈല്‍ ആവശ്യപ്പെട്ടു.




Tags:    

Similar News