കൊടകരയിലെ ഹവാല പണമിടപാട്: കേസ് അട്ടിമറിക്കാന്‍ ഇടതുസര്‍ക്കാരും ഡിജിപിയും ശ്രമിക്കുന്നു- റോയ് അറയ്ക്കല്‍
ആഭ്യന്തരവകുപ്പ് സംഘപരിവാരത്തിന് അടിയറവച്ചെന്ന ഘടകകക്ഷികള്‍ പോലും ഉന്നയിക്കുന്ന ആരോപണം കൂടുതല്‍ ശരിവയ്ക്കുന്നതാണ് മുഖ്യമന്ത്രിയുടെ മൗനം. ഹവാല പണം കൊണ്ടുവന്നത് ബിജെപിക്കുവേണ്ടിയാണെന്ന് പ്രസ്താവന നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ ആ നിലപാടില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണം.
തൃശൂര്‍: ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊണ്ടുവന്ന കോടിക്കണക്കിന് രൂപയുടെ ഹവാല പണം ഇടപാടില്‍ കേസ് അട്ടിമറിക്കാന്‍ ഇടതുസര്‍ക്കാരും ഡിജിപിയും ശ്രമിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കോടിക്കണക്കിന് രൂപ ഹവാല ഇടപാടില്‍ സംസ്ഥാനത്തേക്ക് ഒഴുകിയെന്ന ഗൗരവതരമായ വാര്‍ത്തയെ അട്ടിമറിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നത്. ഇതിന്റെ ഭാഗമാണ് തൃശൂരിലെ കൊടകരയില്‍ കുഴല്‍പ്പണം കൊണ്ടുവന്നത് ഏത് പാര്‍ട്ടിക്ക് വേണ്ടിയാണെന്ന് വ്യക്തമായില്ലെന്ന ഡിജിപിയുടെ പ്രസ്താവന. കോടികളുടെ ഹവാല ഇടപാടില്‍ മുഖ്യമന്ത്രി തുടരുന്ന മൗനം ദുരൂഹമാണ്.
ആഭ്യന്തരവകുപ്പ് സംഘപരിവാരത്തിന് അടിയറവച്ചെന്ന ഘടകകക്ഷികള്‍ പോലും ഉന്നയിക്കുന്ന ആരോപണം കൂടുതല്‍ ശരിവയ്ക്കുന്നതാണ് മുഖ്യമന്ത്രിയുടെ മൗനം. ഹവാല പണം കൊണ്ടുവന്നത് ബിജെപിക്കുവേണ്ടിയാണെന്ന് പ്രസ്താവന നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ ആ നിലപാടില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണം. കേസ് തേച്ചുമായ്ച്ചുകളയാന്‍ പോലിസ് ശ്രമിക്കുമ്പോള്‍ ഇടതുമുന്നണിയും സിപിഎമ്മും അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത് എന്തെങ്കിലും ഡീലിന്റെ ഭാഗമാണോ എന്ന് സംശയമുണ്ട്.
സംസ്ഥാനത്ത് ഓപറേഷന്‍ താമര നടപ്പാക്കാന്‍ കോടിക്കണക്കിന് ഹവാല പണമാണ് ബിജെപി സംസ്ഥാനത്തേക്ക് ഒഴുക്കിയത്. ഈ ഹവാല പണത്തിന്റെ പിന്‍ബലത്തില്‍ ഇതരസംസ്ഥാനങ്ങളില്‍ ചെയ്തതുപോലെ മറ്റു കക്ഷികളില്‍നിന്ന് എംഎല്‍എ ആവുന്നവരെ വിലയ്‌ക്കെടുക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് 35 സീറ്റ് കിട്ടിയാല്‍ കേരളം ഭരിക്കുമെന്ന് ബിജെപി നേതാക്കള്‍ പ്രസ്താവിച്ചത്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് രോഗികളുമായി പോവുന്ന വാഹനം വരെ തടഞ്ഞുനിര്‍ത്തി പരിശോധ നടത്തിയപ്പോഴും യാതൊരു തടസ്സവുമില്ലാതെ എങ്ങിനെയാണ് ഹവാല പണം തൃശൂരിലെ കൊടകരയിലെത്തിയത്.
സംസ്ഥാനത്താകെ 50 കോടിയോളം രൂപയുടെ കള്ളപ്പണം തിരഞ്ഞെടുപ്പിനായി ബിജെപി വിതരണം ചെയ്തതായാണ് സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ നേതാവ് ഇഡിയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. ഈ പരാതിയില്‍ യഥാര്‍ഥ പ്രതികള്‍ പിടിക്കപ്പെടുമെന്ന് കണ്ടപ്പോഴാണ് 25 ലക്ഷത്തിന്റെ കള്ളക്കഥ മെനഞ്ഞ് ഏഴു വ്യാജപ്രതികളെ സൃഷ്ടിച്ചത്. കോടികളുടെ ഹവാല പണം ബിജെപിക്കുവേണ്ടി കൊണ്ടുവന്നെന്ന പരാതി ഉയര്‍ന്നിട്ടും നാളിതുവരെ ബിജെപി നേതാക്കളില്‍ ഒരാളെ പോലും ചോദ്യം ചെയ്യാന്‍ പോലിസ് തയ്യാറാവാത്തത് അട്ടിമറിയുടെ ഭാഗമാണ്.
കോടികളുടെ ഹവാല പണം കൊണ്ടുവന്ന കേസില്‍ ബിജെപി-ആര്‍എസ്എസ് നേതാക്കളെ ചോദ്യം ചെയ്യാനും യഥാര്‍ഥ പ്രതികളെ അറസ്റ്റുചെയ്യാനും ഇടതുസര്‍ക്കാര്‍ ആര്‍ജവം കാണിക്കണം. ഹവാല പണമിടപാട് കേസ് അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്നും യഥാര്‍ഥ പ്രതികളെ അറസ്റ്റുചെയ്യുന്നതുവരെ ജനാധിപത്യപരമായും നിയമപരമായും പോരാട്ടം തുടരുമെന്നും റോയ് അറയ്ക്കല്‍ വ്യക്തമാക്കി.