അന്ധ യുവാവിന്റെ ഏക ആശ്രയമായിരുന്ന തട്ടുകട അഗ്നിക്കിരയായി
മനോജിന്റെ ദുരവസ്ഥ കണ്ട പൊയ്യ ഗ്രാമപഞ്ചായത്ത് 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ വര്‍ഷം നിര്‍മ്മിച്ചു നല്കിയ തട്ടുകടയാണ് പൂര്‍ണമായും അഗ്നിക്ക് ഇരയായത്.
മാള: ഇരുകണ്ണുകള്‍ക്കും കാഴ്ച്ചശക്തിയില്ലാത്ത യുവാവിന്റേയും കുടുംബത്തിന്റേയും ഏക ആശ്രയമായിരുന്ന തട്ടുകട കത്തിനശിച്ചു. പൊയ്യ ചക്കാട്ടികുന്ന് പൂന്തുരുത്തി മനോജിന്റെ(44) തട്ടുകടയാണ് അഗ്നിക്ക് ഇരയായത്. ഇന്നലെ വൈകിട്ടാണ് അടഞ്ഞുകിടന്നിരുന്ന കടക്ക് തീപിടിച്ചത്.
സമീപത്തെ സൂപ്പര്‍മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങാന്‍ വന്നയാളാണ് കടയില്‍ നിന്നും പുക ഉയരുന്നത് കണ്ടത്. മനോജിന്റെ വീട്ടില്‍ വന്ന് കാര്യം
പറഞ്ഞു. മനോജിന്റെ ബന്ധുവെത്തി നോക്കുമ്പോഴേക്കും തീ പടര്‍ന്നിരുന്നു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊയ്യയില്‍ നിന്ന് അഗ്നിരക്ഷാ സേനയും പോലിസും എത്തി തീ നിയന്ത്രണ വിധേയമാക്കി.
കാഴ്ച്ചയില്ലാത്തതിനാല്‍ ഏറെ ബുദ്ധിമുട്ടിയാണ് മനോജ് ജീവിച്ചു വന്നിരിക്കുന്നത്. സന്നദ്ധ സംഘടനകളും മറ്റും സഹായിച്ചാണ് ഭാര്യയും മകളും സഹോദരിയും അടങ്ങുന്ന കുടുംബം മുന്നോട്ട് കൊണ്ട് പോയിരുന്നത്. സഹോദരിക്കും കാഴ്ചശക്തിയില്ല. മനോജിന്റെ ദുരവസ്ഥ കണ്ട പൊയ്യ ഗ്രാമപഞ്ചായത്ത് 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ വര്‍ഷം നിര്‍മ്മിച്ചു നല്കിയ തട്ടുകടയാണ് പൂര്‍ണമായും അഗ്നിക്ക് ഇരയായത്. ഇനി എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചു നില്‍ക്കുകയാണ് ഈ കുടുംബം.