കുവൈത്ത് സിറ്റി: കുവൈത്തില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി. അധികാരമേറ്റ് മൂന്നുമാസം തികഞ്ഞതിന് പിന്നാലെ പാര്‍ലമെന്റുമായുള്ള പൊരുത്തക്കേടിനെത്തുടര്‍ന്ന് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് നവാഫ് അല്‍ അഹമ്മദ് അല്‍ സബാഹിന്റെ നേതൃത്വത്തിലുള്ള കുവൈത്ത് മന്ത്രിസഭ രാജിവച്ചു. പ്രധാനമന്ത്രി ഉള്‍പ്പെടെയാണ് കിരീടവകാശി ഷെയ്ഖ് മിഷ് അല്‍ അഹമദ് അല്‍ സബാഹിന് രാജി സമര്‍പ്പിച്ചത്.
ധനമന്ത്രി അബ്ദുല്‍ വഹാബ് അല്‍ റാഷിദ്, കാബിനറ്റ് കാര്യ മന്ത്രി ബറാക്ക് അല്‍ ഷിത്താന്‍ എന്നിവര്‍ക്കെതിരേ ദേശീയ അസംബ്ലിയില്‍ കുറ്റവിചാരണ പ്രമേയം അവതരിപ്പിക്കാനിരിക്കെയാണ് മന്ത്രിസഭയുടെ രാജി. തിങ്കളാഴ്ച അമീറിന് മുമ്പാകെ പ്രധാനമന്ത്രി രാജിക്കത്ത് സമര്‍പ്പിച്ചതായി പ്രാദേശിക മാധ്യമമായ അല്‍ ഖബസ് റിപോര്‍ട്ട് ചെയ്തു. അമീര്‍ രാജി അംഗീകരിക്കുന്ന മുറയ്ക്കാവും തീരുമാനം പ്രാബല്യത്തില്‍ വരിക. കഴിഞ്ഞ വര്‍ഷം സപ്തബര്‍ 29 നു നടന്ന പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിനെ തുടര്‍ന്നാണ് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ സബാഹിന്റെ പുത്രനായ ഷെയ്ഖ് അഹമ്മദ് അല്‍ നവാഫ് അല്‍ സബാഹിന്റെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ മന്ത്രിസഭ നിലവില്‍ വന്നത്.
തിരഞ്ഞെടുപ്പിന് ശേഷം ഒക്ടോബര്‍ അഞ്ചിന് മന്ത്രിസഭ രൂപീകരിച്ചിരുന്നുവെങ്കിലും ഭൂരിഭാഗം മന്ത്രിമാരും മന്ത്രിസഭയില്‍ ചേരാന്‍ വിമുഖത പ്രകടിപ്പിച്ചു. ഇതെത്തുടര്‍ന്ന് ഏറെ കൂടിയാലോചനകള്‍ക്ക് ശേഷമാണ് ഒക്ടോബര്‍ 17ന് നിലവിലെ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. 2022 ജൂലൈ 24 നാണ് ഷെയ്ഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹിന്റെ രാജിയെത്തുടര്‍ന്ന് 67 കാരനായ ഷെയ്ഖ് അഹമ്മദ് അല്‍ നവാഫ് അല്‍ സബാഹിനെ പ്രധാനമന്ത്രിയായി നിയമിച്ച് അമീര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.