സിദ്ദീഖ് കാപ്പന്‍ കേസ്; ശബ്ദവും കൈപ്പടയും വീണ്ടും പരിശോധിക്കണമെന്ന യുപി പോലിസ് ആവശ്യം കോടതി തള്ളി

കേസ് ആഗസ്ത്‌ 23ന് വീണ്ടും പരിഗണിക്കും.

Update: 2021-08-16 14:23 GMT

ന്യൂഡല്‍ഹി: സിദ്ദീഖ് കാപ്പന്റ കേസ് അനന്തമായി നീട്ടികൊണ്ടുപോകാനുള്ള യു പി പോലിസിന്റെ നീക്കത്തിന് കോടതിയില്‍ നിന്നും തിരിച്ചടി. സിദ്ദീഖിന്റെ ശബ്ദവും കൈപ്പടയും ഉള്‍പ്പെടെ പരിശോധിച്ച് വീണ്ടും അന്വേഷണം നടത്തണമെന്ന യു പി പോലീസിന്റെ ആവശ്യം മഥുര അഡീഷണല്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് അനില്‍കുമാര്‍ പാണ്ഡെ തള്ളി.


അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസാണിതെന്നും കൂടുതല്‍ അന്വേഷണം വേണമെന്ന യു.പി പോലീസിന്റെ നിലപാട് ദുരുദ്ദേശപരമാണെന്നും സിദ്ധീഖ് കാപ്പന്റെ അഭിഭാഷകന്‍ വില്‍സ് മാത്യൂസ് കോടതിയില്‍ വാദിച്ചു. മാത്രവുമല്ല, നിരപരാധിത്വം തെളിയിക്കാന്‍ നുണ പരിശോധനയ്ക്കു തയ്യാറാണെന്ന് നേരത്തെ സിദ്ധീഖ് കാപ്പന്‍ തന്നെ കോടതിക്കു മുമ്പാകെ അറിയിച്ചതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടര്‍ന്ന്, പോലീസിന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു.


പ്രമേഹ രോഗിയായ സിദ്ധിഖ് കാപ്പന്‍ ജയിലില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നതിനാല്‍ അഡ്വ. വില്‍സ് മാത്യൂസ് കോടതിയുടെ ഇടപെടല്‍ അഭ്യര്‍ഥിച്ചു. ഷുഗറിന്റെ അളവ് കൂടിയതിനു പുറമെ, നേരത്തെയുണ്ടായ വീഴ്ചയില്‍ പല്ലിനു തകരാര്‍ സംഭവിച്ചതും കണ്ണിന് കാഴ്ചക്കുറവ് അനുഭവപ്പെടുന്നതുമൊക്കെ കോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ ജയില്‍ അധികാരികളുടെ റിപോര്‍ട്ട് തേടാന്‍ കോടതി തീരുമാനിച്ചു.


കേസില്‍ കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇതുവരേയും പോലീസ് കൈമാറിയിട്ടില്ലെന്ന് അഡ്വ.വില്‍സ് മാത്യൂസ് കോടതിയില്‍ പരാതിപ്പെട്ടു. കുറ്റപത്രം സമര്‍പ്പിച്ച് നാലു മാസം കഴിഞ്ഞിട്ടും പകര്‍പ്പ് കൈമാറാത്തത് വ്യക്തിപരമായ അവകാശത്തിന്റെ ലംഘനമാണ്. പത്തു മാസത്തിലേറെയായി സിദ്ധിഖ് കാപ്പന്‍ ജയിലില്‍ കഴിയുന്നു. ഈ സാഹചര്യത്തില്‍ ഡിഫോള്‍ട്ട് ബെയില്‍ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കോടതി പോലീസിന്റെ പ്രതികരണം തേടി. കേസ് ആഗസ്ത്‌ 23ന് വീണ്ടും പരിഗണിക്കും.


സിദ്ധീഖ് കാപ്പന്റെ ജാമ്യാപേക്ഷ മഥുര കോടതി തള്ളിയതിനെ തുടര്‍ന്ന്, ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുന്നതിനു മുന്നോടിയായി കുറ്റപത്രത്തിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ജൂലായ് 23ന് പ്രത്യേക ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍, കോടതി ഇതുവരേയും കേസെടുത്തിരുന്നില്ല. തുടര്‍ന്ന്, യു പി പോലീസിന്റെ ഹരജി ചോദ്യം ചെയ്തുള്ള കേസിന്റെ വാദത്തിനിടെ തിങ്കളാഴ്ച ഈ ആവശ്യങ്ങളും ഉന്നയിച്ചപ്പോഴായിരുന്നു കോടതിയുടെ തീരുമാനം.


തന്റെ നിരപരാധിത്വം തെളിയിക്കാന്‍ നാര്‍ക്കോ അനാലിസിസ്, ബ്രെയിന്‍ മാപ്പിങ്ങ് തുടങ്ങിയ പരിശോധനകള്‍ക്ക് സന്നദ്ധമാണെന്ന് സിദ്ധീഖ് കാപ്പന്‍ കോടതിയില്‍ തുടര്‍ച്ചയായി വ്യക്തമാക്കിയിട്ടും തുടരന്വേഷണത്തിന്റെ പേരില്‍ പല പരിശോധനയും നടത്താനുള്ള യു.പി പോലീസിന്റെ ദുരുദ്ദേശപരമായ നീക്കങ്ങളെ പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം അപലപിച്ചു.




Tags:    

Similar News