ഉമ്മയെ കണ്ട് കണ്ണീരോടെ സിദ്ദീഖ് കാപ്പന്‍ മടങ്ങി: ഇനിയെന്ന് കാണാനാകും എന്നു പോലും അറിയാതെ

കോഴിക്കോട്ടെ ജോലിസ്ഥലത്തേക്കു പോകുകയാണെന്നും രണ്ട് ദിവസം കഴിഞ്ഞ് വരാമെന്നുമാണ് സിദ്ദീഖ് വൃദ്ധയും അവശയുമായ ഉമ്മയോട് പറഞ്ഞത്

Update: 2021-02-22 14:09 GMT

കോഴിക്കോട്: ദലിത് പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട ഉത്തര്‍പ്രദേശിലെ ഹാഥ്‌റസിലേക്കു പോയതിന്റെ പേരില്‍ പോലിസ് കള്ളക്കേസ് ചുമത്തി അറസ്റ്റു ചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ അഞ്ചു ദിവസത്തെ ജാമ്യം അവസാനിച്ചതിനെ തുടര്‍ന്ന് ഇന്നലെ വീണ്ടും ജയിലിലേക്കു മടങ്ങി. രോഗിയായ മാതാവിനെ കാണാന്‍ സുപ്രിം കോടതി അഞ്ചു ദിവസത്തെ ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് വേങ്ങര പൂച്ചോലമാട്ടിലെ വീട്ടിലെത്തിയ സിദ്ദീഖിന്റെ ജയിലിലേക്കുള്ള തിരിച്ചുപോക്ക് അത്യന്തം വികാരപരമായിരുന്നു. കോഴിക്കോട്ടെ ജോലിസ്ഥലത്തേക്കു പോകുകയാണെന്നും രണ്ട് ദിവസം കഴിഞ്ഞ് വരാമെന്നുമാണ് സിദ്ദീഖ് വൃദ്ധയും അവശയുമായ ഉമ്മയോട് പറഞ്ഞത്. ഭാര്യയും ചെറിയ മക്കളും സഹാദരങ്ങളും കണ്ണീരോടെയാണ് സിദ്ദീഖിനെ യാത്രയാക്കിയത്.


യുപി പോലീസും കേരള പോലിസും ഒരുക്കിയ കനത്ത സുരക്ഷക്കിടെയാണ് സിദ്ദീഖ് അഞ്ചു ദിവസത്തെ ജാമ്യത്തില്‍ വീട്ടിലെത്തിയത്. രോഗം മൂര്‍ഛിച്ച് ആരെയും തിരിച്ചറിയാതെ കിടന്നിരുന്ന സിദ്ദീഖിന്റെ ഉമ്മയുടെ രോഗാവസ്ഥക്ക് മകന്‍ എത്തി അടുത്ത ദിവസത്തോടെ തന്നെ മാറ്റമുണ്ടായി. ജയിലിലേക്ക് തിരിച്ചു പോകുന്നതു വരെ കൂടുതല്‍ സമയവും സിദ്ദീഖ് ഉമ്മയോടൊപ്പമാണ് ചിലവഴിച്ചത്. സിദ്ദീഖിന് അകമ്പടിയായി എത്തിയ യുപി പോലിസ് വളരെ മാന്യമായിട്ടാണ് പെരുമാറിയിരുന്നത്. യുപി പോലിസിനും കേരള പോലിസിനും വിശ്രമിക്കാന്‍ വീടിനു സമീപം സൗകര്യം ഒരുക്കിയിരുന്നു. സിദ്ദീഖ് വളരെ മാന്യനായ ആളാണെന്നും അദ്ദേഹത്തെ തെറ്റദ്ധരിച്ചതാകാമെന്നുമാണ് യുപി പോലിസ് വീട്ടുകാരോട് പറഞ്ഞത്. വീട്ടില്‍ ഇത്തരമൊരു സാഹചര്യമല്ല പ്രതീക്ഷിച്ചിരുന്നതെന്ന് കേരള പോലിസും പ്രതികരിച്ചു. സുപ്രിം കോടതിയുടെ കര്‍ശന നിര്‍ദേശമുണ്ടായിരുന്നതിനാല്‍ മാധ്യമപ്രവര്‍ത്തകരൊന്നും സിദ്ദീഖ് കാപ്പനെ കാണാന്‍ ശ്രമിച്ചില്ല. സിദ്ദിഖിന് ജാമ്യം ലഭിക്കാന്‍ സഹായിച്ചതിന് അഭിഭാഷകരോടും, വിഷയത്തില്‍ ഇടപെട്ട മനുഷ്യാവകാശ പ്രവര്‍ത്തകരോടും മാധ്യമങ്ങളോടും നന്ദിയുണ്ടെന്ന് അദ്ദേഹത്തിന്റെ ഭാര്യ റൈഹാനത്ത് പറഞ്ഞു.




Tags:    

Similar News