സിദ്ദീഖ് കാപ്പനെ എയിംസിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ ഹരജി നല്‍കി
സിദ്ദീഖ് കാപ്പന്‍ നിലവില്‍ കോവിഡ് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് മഥുര ജയില്‍ സൂപ്രണ്ട് ശൈലേന്ദ്ര മൈത്രേയ് പറഞ്ഞു. ഏത് ആശുപത്രിയിലാണെന്ന് വെളിപ്പെടുത്താന്‍ കഴിയില്ല, പക്ഷേ അദ്ദേഹം ജയില്‍ ആശുപത്രിയില്‍ ഇല്ല
ന്യൂഡല്‍ഹി: ജയിലില്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ മഥുരയില്‍ നിന്ന് ന്യൂഡല്‍ഹിയിലെ എയിംസിലേക്ക് മാറ്റാന്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി. ബുധനാഴ്ച്ച സിദ്ദീഖ് കാപ്പന് കൊവിഡ് സ്ഥിരീകരിച്ച ശേഷം അദ്ദേഹം ജയിലില്‍ തളര്‍ന്നു വീണിരുന്നു.
കേരള യൂണിയന്‍ ഓഫ് വര്‍ക്കിംഗ് ജേണലിസ്റ്റിനും (കെയുഡബ്ല്യുജെ) സിദ്ദീഖിന്റെ ഭാര്യക്കും വേണ്ടി അഭിഭാഷകനായ വില്‍സ് മാത്യൂസ് ആണ് കാപ്പനെ എയിംസിലേക്ക് മാറ്റാനുള്ള ഹരജി നല്‍കിയത്.സിദ്ദീഖിന് കൊവിഡ് സ്ഥിരീകരിച്ച ശേഷം അദ്ദേഹം ഗുരുതരാവസ്ഥയിലാണെന്ന് കോടതിയെ അറിയിച്ചതായും വില്‍സ് മാത്യൂസ് പറഞ്ഞു. 'മെച്ചപ്പെട്ട ചികിത്സയ്ക്കായി അദ്ദേഹത്തെ ഡല്‍ഹിയിലെ എയിംസിലേക്ക് മാറ്റേണ്ടതിന്റെ ആവശ്യകത അടിയന്തിരമാണ്. കോവിഡ് 19 ല്‍ നിന്നുള്ള വീണ്ടെടുക്കലിന്റെ ഏറ്റവും പ്രധാനപ്പെട്ട വശം പ്രതിരോധശേഷിയാണ്. സിദ്ദീഖിന്റെ പ്രതിരോധശേഷി ദുര്‍ബലമാണ്, കാരണം ജയിലില്‍ ലഭിക്കുന്ന ഭക്ഷണം സിദ്ദീഖിന് കഴിക്കാനാവുന്നില്ല. അദ്ദേഹത്തിന് ആഡംബരപൂര്‍ണ്ണമായ ഭക്ഷണം നല്‍കണമെന്ന് ഞങ്ങള്‍ പറയുന്നില്ല, മറിച്ച് ആരോഗ്യത്തോടെയിരിക്കാന്‍ അദ്ദേഹത്തിന് കഴിക്കാന്‍ കഴിയുന്ന എന്തെങ്കിലും നല്‍കണം'. വില്‍സ് മാത്യൂസ് പറഞ്ഞു.
സിദ്ദീഖ് കാപ്പന്‍ നിലവില്‍ കോവിഡ് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് മഥുര ജയില്‍ സൂപ്രണ്ട് ശൈലേന്ദ്ര മൈത്രേയ് പറഞ്ഞു. ഏത് ആശുപത്രിയിലാണെന്ന് വെളിപ്പെടുത്താന്‍ കഴിയില്ല, പക്ഷേ അദ്ദേഹം ജയില്‍ ആശുപത്രിയില്‍ ഇല്ല,' 'അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയാണ്, അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്യേണ്ടിവരുമ്പോള്‍ അല്ലെങ്കില്‍ മെച്ചപ്പെട്ട മെഡിക്കല്‍ സൗകര്യത്തിലേക്ക് റഫര്‍ ചെയ്യേണ്ടിവരുമ്പോള്‍ ഞങ്ങളുമായി ബന്ധപ്പെടും. ആശുപത്രി അധികൃതര്‍ ഞങ്ങളുമായി ബന്ധപ്പെട്ടിട്ടില്ല, അതിനര്‍ത്ഥം ഇതുവരെ അത്തരം ഒരു സാഹചര്യവും ഉണ്ടായിട്ടില്ല എന്നാണെന്നും ജയില്‍ സൂപ്രണ്ട് വിശദീകരിച്ചു.