സിദ്ദീഖ് കാപ്പന്റെ മോചനം: ജനുവരി 12ന് കുടുംബം സെക്രട്ടറിയറ്റിനു മുന്നില്‍ സത്യഗ്രഹമിരിക്കും
കോഴിക്കോട്: ഹാത്രസിലേക്കു വാര്‍ത്താശേഖരണത്തിനായി പോകുന്ന വഴി അറസ്റ്റ് ചെയ്യപ്പെട്ടു മാസങ്ങളായി യുപിയിലെ ജയിലില്‍ കഴിയുന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ മോചനത്തിന് സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കടുംബാംഗങ്ങള്‍ ജനുവരി 12ന് സെക്രട്ടറിയറ്റിനു മുന്നില്‍ സത്യഗ്രഹ സമരം നടത്തും. ഭാര്യ റൈഹാനത്തും മക്കളും മറ്റ് കുടുംബാംഗങ്ങളും സമരത്തില്‍ പങ്കെടുക്കും. കേരളത്തിലെ ഒരു മാധ്യമപ്രവര്‍ത്തകനെ യുപി പോലീസ് കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും സംസ്ഥാന സര്‍ക്കാര്‍ ഒരു ഇടപെടലും നടത്തിയിട്ടില്ല. കേരള സര്‍ക്കാറിന്റെ പരിധിയില്‍ അല്ലാത്തതിനാല്‍ ഇടപെടാനാവില്ല എന്നായിരുന്നു ഇതു സംബന്ധിച്ച ചോദ്യത്തിന് മുഖ്യമന്ത്രിയുടെ വിശദീകരണം.
മഥുര ജയിലില്‍ തടവിലുള്ള സിദ്ദീഖ് കാപ്പന്റെ കേസ് ഇനി ജനുവരി 23നാണ് സുപ്രിം കോടതി പരിഗണിക്കുക. കേസ് പരിഗണിച്ചപ്പോഴെല്ലാം യുപി പോലീസിന്റെ നിരര്‍ഥകമായ വാദങ്ങള്‍ കണക്കിലെടുത്ത് നീട്ടിവെക്കുകയാണ് സുപ്രിംകോടതി ചെയ്തത്. സിദ്ദീഖ് കാപ്പനു വേണ്ടി ഹരജി നല്‍കിയ കേരള പത്രപ്രവര്‍ത്തക യൂനിയനെ പ്രതിക്കൂട്ടിലാക്കുന്ന തരതത്തിലുള്ള വിശദീകരണമാണ് യുപി പോലീസ് സുപ്രിം കോടതിയില്‍ അവസാനമായി നല്‍കിയത്. മലയാള മനോരമ ലേഖകന്‍ വി വി ബിനുവിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളായിരുന്നു യുപി പോലീസ് കേരള പത്രപ്രവര്‍ത്തക യൂനിയന് എതിരായുള്ള വാദങ്ങള്‍ക്ക് തെളിവായി സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചത്. സംഘ്പരിവാര്‍ അനുകൂലിയായ ബിനുവിന്റെ ഇടപെടലുകളും കേസില്‍ സംശയിക്കപ്പെടുന്നുണ്ട്.