സിദ്ദീഖിന്റെ ഹരജി സുപ്രിം കോടതി ഇന്ന് വീണ്ടും പരിഗണിക്കും
മാധ്യമപ്രവര്‍ത്തകനെ ഡല്‍ഹി എയിംസിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് 11 യുഡിഎഫ് എംപിമാര്‍ നല്‍കിയ കത്തും സുപ്രിംകോടതിക്ക് മുന്നിലുണ്ട്.
ന്യൂഡല്‍ഹി: യു പി സര്‍ക്കാര്‍ അന്യായമായി കള്ളക്കേസുകള്‍ ചുമത്തി ജയിലിലടച്ച മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ഹരജി ഇന്ന് സുപിം കോടതി വീണ്ടു പരിഗണിക്കും. സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാന നല്‍കിയ ഹരജിയാണ് ഇന്ന് വീണ്ടും കോടതിയുടെ പരിഗണനക്കെത്തുന്നത്. പുതുതായി ചുമതലയേറ്റ ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിനു മുന്‍പാകെയാണ് ഹരജിയുള്ളത്. മാധ്യമപ്രവര്‍ത്തകനെ ഡല്‍ഹി എയിംസിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് 11 യുഡിഎഫ് എംപിമാര്‍ നല്‍കിയ കത്തും സുപ്രിംകോടതിക്ക് മുന്നിലുണ്ട്.
ഇന്നലെ ഹരജി പരിഗണനക്കെടുത്തപ്പോള്‍ സിദ്ദീഖ് കാപ്പന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. കൊവിഡ് ബാധിതനായ സിദ്ദിഖ് കാപ്പന്‍ ഉത്തര്‍പ്രദേശിലെ മഥുര കെ.എം. മെഡിക്കല്‍ കോളജില്‍ ദുരിതത്തിലാണെന്ന് ഭാര്യ റൈഹാനയ്ക്ക് വേണ്ടി ഹാജരായ അഡ്വ വില്‍സ് മാത്യൂസ് ഇന്നലെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. കാപ്പനെ കട്ടിലില്‍ കെട്ടിയിട്ടിരിക്കുകയാണ്. ശൗച്യാലയത്തില്‍ പോകാന്‍ സാധിക്കുന്നില്ലെന്നും, ആരോഗ്യസ്ഥിതി ഗുരുതരമാണെന്നും അഭിഭാഷകന്‍ അറിയിച്ചിരുന്നു.
അതിനിടെ, സിദ്ദീഖിന്റെ കൊവിഡ് ഇനിയും ഭേദമായിട്ടില്ല, ഇന്നലെ മെഡിക്കല്‍ റിപോര്‍ട്ട് ലഭിച്ചിരുന്നു. ഇതില്‍ ഇപ്പോഴും കൊവിഡ് പോസിറ്റീവ് ആണെന്നാണ് കാണിച്ചിട്ടുള്ളത്.