സില്‍വര്‍ ലൈന്‍; ചര്‍ച്ചാ പാനലില്‍ നിന്ന് ജോസഫ് സി മാത്യുവിനെ ഒഴിവാക്കാന്‍ നീക്കം

Update: 2022-04-25 05:05 GMT

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ എതിര്‍പ്പ് ഉന്നയിച്ച വിദഗ്ധരെ ഉള്‍പ്പടെ പങ്കെടുപ്പിച്ച് സര്‍ക്കാന്‍ സംഘടിപ്പിക്കുന്ന സംവാദത്തിന്റെ പാനലില്‍ മാറ്റം. പദ്ധതിയെ ശക്തമായി എതിര്‍ക്കുന്ന അലോക് വര്‍മ, ആര്‍വിജി മേനോന്‍, ജോസഫ് സി മാത്യു എന്നിവരെയും അനുകൂലിക്കുന്ന മൂന്ന് വിദഗ്ധരെയും പങ്കെടുപ്പിച്ചാണ് സംവാദം നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍, ഇതില്‍ നിന്ന് പദ്ധതിയെ രൂക്ഷമായി വിമര്‍ശിക്കുന്ന ജോസഫ് സി മാത്യുവിനെ മാറ്റാനാണ് നീക്കം നടക്കുന്നത്. വ്യാഴാഴ്ച നടക്കുന്ന സംവാദത്തില്‍ പദ്ധതിയെ അനുകൂലിക്കുന്ന മൂന്ന് പേരുടെ പാനലില്‍ നിന്നും ഡിജിറ്റല്‍ സര്‍വകലാശാലാ വിസി സജി ഗോപിനാഥിനെയും മാറ്റും.

സജി ഗോപിനാഥ് സ്ഥലത്തില്ലാത്തതാണ് അദ്ദേഹത്തെ മാറ്റാന്‍ കാരണം. ജോസഫിനെ നേരത്തെ ഔദ്യോഗികമായി ക്ഷണിച്ചിരുന്നതും സംവാദത്തില്‍ പങ്കെടുക്കുമെന്ന് അദ്ദേഹം മറുപടി നല്‍കുകയും ചെയ്തിരുന്നതാണ്. ഒഴിവാക്കുന്നതിനെക്കുറിച്ച് ഔദ്യോഗികമായി അറിയിപ്പ് കിട്ടിയില്ലെന്ന് ജോസഫ് സി മാത്യു വ്യക്തമാക്കി. അതേസമയം, പാനല്‍ അന്തിമമായിട്ടില്ലെന്നാണ് കെ റെയില്‍ അധികൃതരുടെ വിശദീകരണം. പാനലിലെ മാറ്റത്തില്‍ രാഷ്ട്രീയ ഇടപെടലുകളില്ലെന്നും രണ്ട് പക്ഷത്തെയും പേരുകള്‍ ഇന്ന് അന്തിമമായി അറിയിക്കുമെന്നും കെ റെയില്‍ കൂട്ടിച്ചേര്‍ത്തു.

സില്‍വര്‍ ലൈനിനെതിരേ പ്രതിഷേധം കനത്തതോടെയാണ് വിദഗ്ധരെ സംസ്ഥാന സര്‍ക്കാര്‍ സംവാദത്തിന് ക്ഷണിച്ചത്. സംവാദത്തിനായി ക്ഷണം കിട്ടിയ അലോക് വര്‍മ പദ്ധതിക്കായി പ്രാരംഭപഠനം നടത്തിയ മുന്‍ ചീഫ് ബ്രിഡ്ജ് എന്‍ജിനീയറാണ്. അനുകൂലിക്കുന്ന പാനലില്‍ മുന്‍ റെയില്‍വെ എന്‍ജിനീയര്‍ സുബോധ് ജെയിന്‍, ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് രഘുചന്ദ്രന്‍നായര്‍ എന്നിവരാണ് പദ്ധതിക്കായി വാദിക്കാനെത്തുന്നത്. ശാസ്ത്ര സാങ്കേതിക പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ പി സുധീര്‍ മോഡറേറ്ററായുള്ള സംവാദം മാധ്യമങ്ങള്‍ക്ക് തല്‍സമയം കാണിക്കാം.

Tags:    

Similar News