സില്‍വര്‍ലൈന്‍; ഡിപിആറില്‍ ആവശ്യമായ മാറ്റങ്ങള്‍ക്ക് തയ്യാറെന്ന് മന്ത്രി എം വി ഗോവിന്ദന്‍
മലപ്പുറം: സില്‍വര്‍ ലൈന്‍ പദ്ധതി രേഖയില്‍ വിയോജിപ്പുള്ള ഭാഗങ്ങള്‍ മാറ്റാന്‍ തയ്യാറെന്ന് മന്ത്രി എം വി ഗോവിന്ദന്‍. ഇക്കാര്യത്തില്‍ സര്‍ക്കാരിന് പിടിവാശിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മലപ്പുറം ജില്ലാതല വിശദീകരണയോഗത്തില്‍ പ്രസംഗിക്കുന്നതിനിടയിലാണ് മന്ത്രി സില്‍വര്‍ലൈന്‍ വിവാദത്തില്‍ സ്വരം മയപ്പെടുത്തിയത്.
സില്‍വര്‍ലൈന്‍ പദ്ധതി രേഖ രഹസ്യരേഖയാണെന്നും ബൗദ്ധിക സ്വത്തവകാശത്തിന്റെ പരിധിയിലാണ് വരുന്നതെന്നുമുള്ള വ്യത്യസ്തമായ നിരവധി വാദമുഖങ്ങളാണ് ഇടത് പക്ഷത്തെ പ്രമുഖ പാര്‍ട്ടിയായ സിപിഎമ്മും നേതാക്കളും ഉയര്‍ത്തിയത്. സില്‍വര്‍ലൈനിനെതിരേ നില്‍ക്കുന്നവരെ വര്‍ഗീയവാദികളായി ചിത്രീകരിക്കാനുള്ള ശ്രമവുമുണ്ടായി. ഡിപിആര്‍ പുറത്തുവിടാതിരിക്കാനുള്ള ന്യായീകരണം നടത്താന്‍ വിവരാവകാശ കമ്മീഷണറെയും ഹാജരാക്കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പദ്ധതിയെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ യോഗം വിളിച്ചുചേര്‍ക്കുകയും ചെയ്തിരുന്നു. അത്തരമൊരു യോഗത്തിലാണ് ഇപ്പോള്‍ മന്ത്രിയുടെ പ്രതികരണം.
സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്ന പരിമിതികളും പ്രശ്‌നങ്ങളും പരിശോധിച്ച് വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്നാണ് മന്ത്രി ഇപ്പോള്‍ പറയുന്നത്.