തമിഴ്‌നാട്ടില്‍ സ്ഥിതി അതീവ ഗുരുതരം; രോഗബാധിതരായ ജനപ്രതിനിധികളുടെ എണ്ണം 9 ആയി ഉയര്‍ന്നു

Update: 2020-07-06 14:44 GMT

ചെന്നൈ: തമിഴ്‌നാട്ടില്‍ തിങ്കളാഴ്ച 3,827 പേര്‍ക്ക് കൊവിഡ് ബാധിക്കുകയും 61 പേര്‍ക്ക് ജീവഹാനിയുണ്ടാവുകയും ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനം അതീവ ഗുരുതരമായ സ്ഥിതിയിലൂടെയാണ് കടന്നുപോകുന്നതെന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പ് അറിയിച്ചു. തമിഴ്‌നാട്ടില്‍ 1,14,978 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. രോഗബാധമൂലം 1,571 പേര്‍ക്ക് ജീവഹാനി നേരിടുകയും ചെയ്തു.

ചെന്നൈയാണ് തമിഴ്‌നാട്ടില്‍ കൊവിഡ് രോഗം ഏറ്റവും ഗുരുതരമായി ബാധിച്ച നഗരം. ചെന്നൈയില്‍മാത്രം 46,883 രോഗബാധിതരാണ് ഉള്ളത്.

ഞായറാഴ്ച തമിഴ്‌നാട്ടില്‍ പുതുതായി രോഗംബാധിക്കുന്നവരുടെ എണ്ണം 4,000 കടന്നിരുന്നു. തുടര്‍ച്ചയായി നാലാമത്തെ ദിവസമായിരുന്നു സംസ്ഥാനത്തെ പുതുതായി രോഗംബാധിക്കുന്നവരുടെ എണ്ണം നാലായിരം കടക്കുന്നത്. ഞായറാഴ്ചയും 60 പേര്‍ രോഗത്തിന് കീഴടങ്ങി.

ജനപ്രതിനിധികള്‍ക്ക് രോഗബാധയുണ്ടാവുന്നതിലും തമിഴ്‌നാട് മുന്നിലാണ്. കോയമ്പത്തൂരില്‍ ഒരു എഐഎഡിഎംകെ എംഎല്‍എയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ 9 എംഎല്‍എമാര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് 2,186 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടതായി ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതുവരെ 62,778 പേരുടെ രോഗം ഭേദമായിട്ടുണ്ട്.

അതേസമയം 37 ജില്ലകളുള്ള സംസ്ഥാനത്ത് ചെന്നൈയിലാണ് രോഗികള്‍ കൂടുതലുള്ളതെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ രോഗവ്യാപനത്തില്‍ കുറവ് അനുഭവപ്പെടുന്നതായി റിപോര്‍ട്ടുണ്ട്. ഞായറാഴ്ച 1,842 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നെങ്കില്‍ ഇന്ന് 1,713 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്.

ചെന്നൈ കഴിഞ്ഞാല്‍ അടുത്ത ജില്ലയായ ചെങ്കല്‍പേട്ട്(274), കാഞ്ചിപുരം(152), തിരുവുള്ളുവര്‍(209), തിരുവണ്ണാമലൈ(141), വെല്ലൂര്‍(179), വില്ലപുരം(109) എന്നീ ജില്ലകളാണ് രോഗബാധയില്‍ മുന്നില്‍. ക്ഷേത്രനഗരമായ മധുരയാണ് മറ്റൊരു അതിതീവ്രമേഖല. അവിടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 308 പേര്‍ക്ക് രോഗബാധയുണ്ടായി.

ഇന്ത്യയില്‍ ഇതുവരെ 6,97,413 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. അതില്‍ 24,248 എണ്ണവും കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് റിപോര്‍ട്ട് ചെയ്തതെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് രാജ്യത്ത് 2,53,287 ആക്റ്റീവ് കേസുകളാണ് ഉള്ളത്. 4,24,432 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 19,693 ആയി ഉയര്‍ന്നിട്ടുണ്ട്. ഇന്നുമാത്രം 425 പുതിയ മരണങ്ങങ്ങള്‍ റിപോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ഈ വര്‍ധന.

കൊവിഡ് 19 ബാധിച്ച മൂന്നാമത്തെ രാജ്യമായി ഇന്ത്യ ഞായറാഴ്ച തന്നെ രോഗികളുടെ എണ്ണത്തില്‍ റഷ്യയെ മറികടന്നിരുന്നു. രോഗികളുടെ എണ്ണത്തില്‍ അമേരിക്കയും ബ്രസീലും ഇന്ത്യയെക്കാള്‍ മുന്നിലാണ്. 

Tags:    

Similar News