ശിവഗിരി തീര്‍ത്ഥാടനം ഡിസംബര്‍ 30 മുതല്‍ ജനുവരി 1 വരെ

Update: 2021-12-13 10:36 GMT

കൊല്ലം: 89മത് ശിവഗിരി തീര്‍ത്ഥാടനം 2021 ഡിസംബര്‍ 30,31, 2022 ജനുവരി 1 തിയതികളില്‍ നടക്കും. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഡിസംബര്‍ 15 മുതല്‍ 2022 ജനുവരി 5 വരെ തീര്‍ത്ഥാടനത്തിന് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശമായി പാലിക്കും. ആംബുലന്‍സ് ഉള്‍പ്പെടെ ആരോഗ്യവകുപ്പിന്റെ എല്ലാ സംവിധാനങ്ങളും തീര്‍ത്ഥാടകര്‍ക്കായി സജ്ജമാക്കും. തീര്‍ത്ഥാടകരുടെ ശരീര ഊഷ്മാവ് പരിശോധിച്ച് മാത്രമായിരിക്കും മഠത്തിലേക്കുള്ള പ്രവേശനം. ശിവഗിരിയിലെത്തുന്ന തീര്‍ത്ഥാടകര്‍ പരിശോധനയില്‍ കൊവിഡ് 19 പോസിറ്റീവായാല്‍ ക്വാറന്റൈന്‍ അടക്കമുള്ള സൗകര്യങ്ങളും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഒരുക്കും. അലോപതിക്ക് പുറമേ ആയൂര്‍വേദം, ഹോമിയോപതി വിഭാഗങ്ങളുടെ 24 മണിക്കൂര്‍ സേവനവും ഇത്തവണ ലഭ്യമാകും.

ശിവഗിരി തീര്‍ത്ഥാടന സ്ഥലത്തേക്കുള്ള പ്രധാന സഞ്ചാരപാതയായ കല്ലമ്പലം,പാരിപ്പള്ളി,കടയ്ക്കാവൂര്‍ റോഡുകള്‍ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണമെന്ന് വി.ജോയ് എം.എല്‍.എ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. തീര്‍ത്ഥാടകരുമായെത്തുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യം ഒരുക്കണമെന്നും കാപ്പില്‍, വര്‍ക്കല ബീച്ച്, ജനാര്‍ദ്ദനസ്വാമി ക്ഷേത്രക്കുളം എന്നിവിടങ്ങളില്‍ ലൈഫ് ഗാര്‍ഡുകളുടെ സേവനം ലഭ്യമാക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് എം.എല്‍.എ ആവശ്യപ്പെട്ടു.

ശിവഗിരിയിലേക്കുള്ള എല്ലാ റോഡുകളുടെയും അറ്റകുറ്റപ്പണികള്‍ അടിയന്തരമായി നടത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. തീര്‍ത്ഥാടന സ്ഥലത്തേക്ക് മുടക്കമില്ലാതെ വൈദ്യുതി ഉറപ്പാക്കുന്നതിനും പ്രകാശിക്കാത്ത വഴിവിളക്കുകള്‍ മാറ്റി പുനസ്ഥാപിക്കുന്നതിനും വൈദ്യുതി വകുപ്പിന് നിര്‍ദേശം നല്‍കി. തീര്‍ത്ഥാടന സ്ഥലത്ത് 24 മണിക്കൂറും ശുദ്ധജലവിതരണത്തിന് വാട്ടര്‍ അതോറിറ്റി പ്രത്യേക സംവിധാനം ഒരുക്കും.

കനത്ത സുരക്ഷ സംവിധാനത്തിലാകും ഇത്തവണയും തീര്‍ത്ഥാടനം നടക്കുക. ട്രാഫിക് നിയന്ത്രണത്തിനും, തീര്‍ത്ഥാടന സ്ഥലത്തെ ജനത്തിരക്ക് നിയന്ത്രിക്കുന്നതിനും 95 പോയന്റുകളില്‍ പോലീസിനെ വിന്യസിക്കും. ഇതിനായി 516 പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. പ്രധാനനിരത്തുകളില്‍ സിസിടിവി നിരീക്ഷണ ക്യാമറാ സംവിധാനവും ഉണ്ടാകും. തിരുവനന്തപുരം കോര്‍പ്പറേഷനും വര്‍ക്കല മുന്‍സിപ്പാലിറ്റിയും തീര്‍ത്ഥാടനസ്ഥലത്ത് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തും.

കെ.എസ്.ആര്‍.ടി.സി ശിവഗിരിയിലേക്കുള്ള എല്ലാ റൂട്ടുകളിലും ആവശ്യാനുസരണം ബസ് സര്‍വീസ് നടത്താനും യോഗത്തില്‍ തീരുമാനമായി. കൂടാതെ കെ.എസ്.ആര്‍.ടി.സിയുടെ കണ്‍ട്രോള്‍ റൂമും അനൗണ്‍സ്‌മെന്റ് സംവിധാനവും ശിവഗിരി യിലുണ്ടാകും. ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍, ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും ഒരുക്കും. സിവില്‍ സപ്ലൈസ് , ഭക്ഷ്യസുരക്ഷാവിഭാഗം, ലീഗല്‍ മെട്രോളജി എന്നിവയുടെ പ്രത്യേക സ്‌ക്വാഡുകള്‍ തീര്‍ത്ഥാടന സ്ഥലത്തെ കടകളിലും ഭക്ഷണശാലകളിലും പരിശോധന നടത്തും. എക്‌സൈസിന്റെ പട്രോളിംഗ് സംവിധാനവും ഷാഡോ ടീമും തീര്‍ത്ഥാടന സ്ഥലങ്ങളില്‍ ഉണ്ടാകും. ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികളും തീര്‍ത്ഥാടനത്തോടനുബന്ധിച്ച് എക്‌സൈസ് വകുപ്പ് നടത്തും.

വര്‍ക്കല റെയില്‍വേ സ്‌റ്റേഷനിലും ശിവഗിരിയിലും പ്രത്യേക കൗണ്ടറുകള്‍ തുറക്കുമെന്ന് റെയില്‍വേ അറിയിച്ചു. ഡ്യൂട്ടിയിലുള്ള പോലിസ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് താമസിക്കുന്നതിന് സമീപത്തെ സ്‌കൂളുകളില്‍ സൗകര്യം ഒരുക്കുമെന്നും കൊവിഡ് മാനദണ്ഡം പാലി ച്ചാകും നടപടി ക്രമങ്ങളെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് യോഗത്തില്‍ അറിയിച്ചു.

Tags:    

Similar News