രണ്ടു വര്‍ഷത്തിനിടെ ആറ് ശസ്ത്രക്രിയകള്‍: നാലാം വയസ്സില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുഞ്ഞ് ഇപ്പോഴും ആശുപത്രിയില്‍

2018 ഒക്ടോബര്‍ ഒന്നിനാണ് നാല് വയസുള്ള കുട്ടിയെ 25കാരനായ റോഷന്‍ ഭൂമിഹാര്‍ മധുര പലഹാരങ്ങള്‍ വാഗ്ദാനം ചെയ്ത് ആകര്‍ഷിച്ച് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കിയത്.

Update: 2020-11-10 19:17 GMT

സൂറത്ത്: അയല്‍വാസിയായ യുവാവ് മധുരപലഹാരം നല്‍കാമെന്നു പറഞ്ഞ് കൊണ്ടുപോയി ബലാത്സംഗം ചെയ്ത പെണ്‍കുഞ്ഞ് രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ആശുപത്രി വിടാനാവാതെ ചികിത്സയില്‍ തുടരുന്നു. ഗുജറാത്തിലെ ദിന്‍ഡോളിയിലെ ആറുവയസ്സുകാരിയാണ് നാലാം വയസ്സിലുണ്ടായ ലൈംഗിക പീഡനത്തെ തുടര്‍ന്ന് ജീവിത്തതിലേക്കു തിരിച്ചുവരാനാവാതെ ആശുപത്രിക്കിടക്കയില്‍ കഴിയുന്നത്. രണ്ടു വര്‍ഷത്തിനിടക്ക് 6 ശസ്ത്രക്രിയികള്‍ക്ക് കുട്ടിയെ വിധേയമാക്കിയിരുന്നു.

2018 ഒക്ടോബര്‍ ഒന്നിനാണ് നാല് വയസുള്ള കുട്ടിയെ 25കാരനായ റോഷന്‍ ഭൂമിഹാര്‍ മധുര പലഹാരങ്ങള്‍ വാഗ്ദാനം ചെയ്ത് ആകര്‍ഷിച്ച് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കിയത്. ക്രൂരമായി പീഢിപ്പിക്കപ്പെട്ട കുട്ടിയുടെ സ്വകാര്യഭാഗങ്ങള്‍ മുറിഞ്ഞ് തൂങ്ങുകയും മുഖം കടിച്ച് വികൃതമാക്കുകയും ചെയ്തിരുന്നു. കുട്ടിയെ കണ്ടപ്പോള്‍ ഞെട്ടിപ്പോയി എന്നാണ് ചികിത്സിച്ച ഡോക്ടര്‍ വെളിപ്പെടുത്തിയത്. പ്രതിയെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച് ജയിലിലടച്ചു. പ്രതി ജയിലില്‍ സുഖമായി കഴിയുകയാണെന്നും എന്നാല്‍ മകള്‍ രണ്ടു വര്‍ഷമായി ആശുപത്രിക്കിടക്കയില്‍ ദുരിതമനുഭവിക്കുകയാണെന്നും മാതാവ് പറഞ്ഞു. പ്രതിക്ക് വധശിക്ഷയാണ് നല്‍കേണ്ടിയിരുന്നതെന്നും അവര്‍ പറഞ്ഞു. ഭര്‍ത്താവ് ഉപേക്ഷിച്ച യുവതിക്ക് മകളുടെ ചികിത്സ തുടരാനും കേസ് നടത്തിപ്പിനും പണമില്ലാതെ വന്നതോടെ അഭിഭാഷകയായ പ്രതിഭ ദേശായി ആണ് കേസ് ഏറ്റെടുത്തതും ചികിത്സാ സഹായം നല്‍കുന്നതും. സ്വകാര്യ അശുപത്രിയിലുള്ള കുട്ടിക്കു വേണ്ട ചിലവുകള്‍ ചെയ്യുന്നതും അവരാണ്.

രണ്ടു വര്‍ഷത്തിനിടക്ക് അഞ്ഞൂറോളം തുന്നലുകളാണ് കുട്ടിയുടെ ശരീരത്തില്‍ നടത്തിയതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇനിയും ഒരു ശസ്ത്രക്രിയ കൂടി നടത്തേണ്ടതുണ്ട്. കുടലിലാണ് ശസ്ത്രക്രിയ ചെയ്യാനുള്ളത്. അതിനു ശേഷം മുഖം ശരിയാക്കാന്‍ വേറെ രണ്ട് ശസ്്ത്രക്രിയകള്‍ കൂടി വേണ്ടിവരുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

Tags:    

Similar News