അന്തരീക്ഷ മലിനീകരണം: 2019ല്‍ മരിച്ചത് പതിനാറര ലക്ഷം പേര്‍
ഇന്ത്യയിലെ ഓരോ എട്ട് മരണങ്ങളില്‍ ഒന്ന് വായു മലിനീകരണം കാരണമാണെന്ന് മുന്‍കാല പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്;
ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം കാരണം ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം 16,67,000 പേര്‍ മരിച്ചുവെന്ന് റിപോര്‍ട്ട്. 2020ലെ സ്റ്റേറ്റ് ഓഫ് ഗ്ലോബല്‍ എയര്‍ (SOGA) റിപ്പോര്‍ട്ടിലാണ് ഇന്ത്യയിലെ വര്‍ധിക്കുന്ന വായു മലിനീകരണം മരണനിരക്ക് ഉയര്‍ത്തുന്നുണ്ടന്ന് വ്യക്തമാക്കിയത്. ആഗോളതലത്തിലും ഇന്ത്യയിലും ശിശുക്കള്‍ക്കിടയില്‍ ഏറ്റവും വലിയ കൊലയാളികളിലൊന്നായി വായു മലിനീകരണം ഉയര്‍ന്നുവന്നിട്ടുണ്ട് എന്നതാണ് കൂടുതല്‍ ആശങ്കപ്പെടുത്തുന്നത്. 2019 ല്‍ 21 ശതമാനം അല്ലെങ്കില്‍ 1,16,000 നവജാതശിശു മരണങ്ങള്‍ക്ക് പ്രധാന കാരണമായത് അന്തരീക്ഷ മലിനീകരണമാണ്. കാലം തികയുന്നതിനു മുന്‍പുള്ള പ്രസവത്തിനും വായു മലിനീകരണം കാരണമാകുന്നുണ്ട്.
ഇന്ത്യയിലെ ഓരോ എട്ട് മരണങ്ങളില്‍ ഒന്ന് വായു മലിനീകരണം കാരണമാണെന്ന് മുന്‍കാല പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്; 2017 ല്‍ അന്തരീക്ഷ മലിനീകരണം മൂലമുണ്ടായ 12.4 ലക്ഷം മരണങ്ങളില്‍ പകുതിയും 70 വയസ്സിന് താഴെയുള്ളവരിലായിരുന്നു. 2010 നും 2019 നും ഇടയില്‍ ചൈന, തുര്‍ക്കി, ബ്രസീല്‍, മെക്‌സിക്കോ, ഇറാന്‍ എന്നിവിടങ്ങളില്‍ വായു മലിലീകരണത്തില്‍ കുറവുണ്ടായി. എന്നാല്‍ ഇന്ത്യ, ബംഗ്ലാദേശിനും നൈജീരിയയ്ക്കും പിന്നില്‍ മൂന്നാമത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് രേഖപ്പെടുത്തിയത്.