ഡല്‍ഹിയിലെ വായുനിലവാരം ഗുരുതരാവസ്ഥയിലേക്ക്
ഡല്‍ഹിയിലും നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം, ഫരീദാബാദ് എന്നിവയുടെ പരിസര പ്രദേശങ്ങളിലുമാണ് കനത്ത പുകമഞ്ഞ് രൂപപ്പെട്ടത്. ഇതോടെ വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു
ന്യൂഡല്‍ഹി: കനത്ത പുകമഞ്ഞ് മൂടിയതോടെ ഡല്‍ഹിയിലെ വായുനിലവാരം ഗുരുതരാവസ്ഥയിലേക്ക്. കഴിഞ്ഞ ഏതാനും ആഴ്ചകളായി പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും വിഷാംശമുള്ള വായുവാണ് ഉള്ളത്. ഡല്‍ഹിയിലും നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം, ഫരീദാബാദ് എന്നിവയുടെ പരിസര പ്രദേശങ്ങളിലുമാണ് കനത്ത പുകമഞ്ഞ് രൂപപ്പെട്ടത്. ഇതോടെ വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. വിഷവാതകം ആളുകളുടെ ആരോഗ്യത്തെയും കാര്യമായി ബാധിക്കാന്‍ തുടങ്ങിയിട്ടുണ്ടന്നാണ് റിപോര്‍ട്ടുകള്‍.
ഡല്‍ഹിയിലും സമീപ നഗരങ്ങളിലും ഓണ്‍ലൈന്‍ കമ്മ്യൂണിറ്റി പ്ലാറ്റ്ഫോമായ ലോക്കല്‍ സര്‍ക്കിള്‍സ് നടത്തിയ സര്‍വേ പ്രകാരം 81% കുടുംബങ്ങളിലും ഒരു അംഗമെങ്കിലും മലിനീകരണം മൂലം ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നതായി റിപോര്‍ട്ട് ചെയ്തു. മോശമായ അന്തരീക്ഷ മലിനീകരണം ദിനംപ്രതി പരമാവധി 50 മടങ്ങ് കവിഞ്ഞതായി ലോകാരോഗ്യ സംഘടന പറയുന്നു.
ഡല്‍ഹി ഗവണ്‍മെന്റ് ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാന്‍ നടപ്പിലാക്കിയിരുന്നു. കല്‍ക്കരി, വിറക് എന്നിവയുടെ ഉപയോഗവും അതുപോലെ തന്നെ അടിയന്തര സേവനങ്ങള്‍ക്കായി ഡീസല്‍ ജനറേറ്ററിന്റെ ഉപയോഗവും ഉള്‍പ്പെടുന്ന എല്ലാ പ്രവര്‍ത്തനങ്ങളും നിരോധിക്കുന്ന നടപടിയാണ് ഇത്. എന്നാല്‍ ഇതൊന്നും തന്നെ മലിനീകരണതോത് കുറച്ചിട്ടില്ല എന്നതാണ് വാസ്തവം.
കഴിയുന്നത്ര വീടിനുള്ളില്‍ തന്നെ തുടരാനും വാഹനങ്ങളുടെ മലിനീകരണം കുറയ്ക്കുന്നതിന് പൊതുഗതാഗതം ഉപയോഗിക്കാനും അധികൃതര്‍ അറിയിച്ചു. ഫാക്ടറികള്‍ മലിനീകരണ നിയന്ത്രണ നടപടികള്‍ പാലിക്കാത്തത് വലിയ തോതില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു.