മാധ്യമങ്ങളുടെ അടിയില്‍ പുകയുന്നത് വംശീയത

Update: 2022-04-19 02:23 GMT

രൂപേഷ് കുമാര്‍

കോഴിക്കോട്: മലയാള മാധ്യമങ്ങളില്‍ മറിച്ച് ഭാവിക്കുന്നുണ്ടെങ്കിലും അവരുടെ ചെയ്തികളുടെ ആകെത്തുക വംശീയതയാണ്. മുസ് ലിംകളെ പ്രതിസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടുള്ള ചര്‍ച്ചകളാണ് എങ്ങും പുരോഗമിക്കുന്നത്. അതിന് ബുദ്ധിജീവികളും പ്രമുഖരും ഇടത് അനുയായികളും ചാനലുകളിലെ മുഖങ്ങളായ എസ്എഫ്‌ഐക്കാരും വേണ്ടിടത്തോളം കാര്യങ്ങള്‍ ചെയ്യുന്നു. ഇതേ കുറിച്ച് രൂപേഷ് കുമാര്‍ എഴുതിയ കുറിപ്പ്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സെപ്റ്റംബര്‍ 11 അക്രമത്തിനു ശേഷം ചില ലിബറല്‍ ആയ ഇടങ്ങളില്‍, കേരളത്തില്‍ നിന്നുമുണ്ടായ പ്രതികരണം 'ഈ ഒരു ദിവസത്തിനു ശേഷം ആയിരിക്കും പുതിയ സഹസ്രാബ്ദം തുടങ്ങുന്നത്' എന്ന രീതിയില്‍ ആയിരുന്നു. ആ കമന്റ് ഏതു അര്‍ത്ഥം ആണ് മുന്നോട്ടു വെക്കുന്നതെങ്കിലും ലോകത്തിലെ ഓരോ എയര്‍പോര്‍ട്ട് മുതല്‍ ബസ് സ്റ്റാന്‍ഡില്‍ ചായ കുടിക്കുന്ന മുസ് ലിംകള്‍ വരെ ആ 'തീവ്രവാദങ്ങളുടെ' ബാധ്യതയും പേറി മറുപടി പറഞ്ഞു ജീവിക്കേണ്ടി വന്നു. മുസ് ലിം എന്നത് ഭീകരവാദത്തിന്റെ ഐക്കണ്‍ ആയി. പോപ്പുലര്‍ സിനിമകളില്‍ മുസ് ലിം ജ്യോഗ്രഫി/ മനുഷ്യരെ ചിത്രീകരിക്കുന്ന സീനുകളിലെ ശബ്ദങ്ങള്‍ പോലും ഭീകരവാദത്തിന്റെ മെമ്മറികള്‍ സൃഷ്ടിച്ചു വച്ചു. അതെ സമയം വിയറ്റ്‌നാമിലും ഇറാക്കിലും പലസ്തീനിലും ഗ്വാണ്ടനാമൊയിലും എല്ലാം അമേരിക്ക നടത്തിയ വംശീയമായ അതിക്രമങ്ങള്‍ വാഷ് ഓഫ് ചെയ്യപ്പെട്ടു. ചരിത്രം എന്നത് വായിക്കപ്പെടുന്നതിനോടൊപ്പം ചിലത് വാഷ് ഓഫ് ചെയ്യാനുള്ളതുമാണല്ലോ. 2006 ഡിസംബര്‍ മുപ്പത് എന്ന ദിവസം തന്നെ സദ്ദാം ഹുസൈനെ തിരഞ്ഞെടുത്തു തൂക്കിക്കൊന്നത് ഇനിയൊരു പുതിയ യുഗം പിറക്കുന്നു എന്ന പോസ്റ്റര്‍ കൊടുക്കാനായിരുന്നു. ലോകത്തിലുള്ള തീവ്രവാദങ്ങളുടെ അട്ടിപ്പേറവകാശം മുസ് ലിംകളിലേക്ക് ചാര്‍ത്തിക്കൊടുക്കപ്പെട്ടു.

പക്ഷെ മുസ് ലിം സമൂഹം മറ്റൊരു വിധത്തില്‍ ലോകത്തിലേക്ക് വ്യാപിക്കുക എന്ന പോസിറ്റിവിറ്റിയിലൂടെ ആണ് ചരിത്രത്തില്‍ സാക്ഷ്യപ്പെടുത്തിയത്. ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ പോസ്റ്റ് രോഹിത് വിമുല സമരങ്ങളിലെ മുസ് ലിം സമൂഹങ്ങളിലുള്ളവരുടെ പോരാട്ടങ്ങള്‍, സി ഐ എ സമരങ്ങളിലുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ ചര്‍ച്ച ചെയ്ത മുസ് ലിം സ്ത്രീ പ്രതിനിധ്യങ്ങള്‍, സിറിയയിലെ പോരാട്ടങ്ങള്‍, പലസ്തീന്‍ എന്നിവയ്ക്കു പുറമെ വിദ്യാഭ്യാസവും ആത്മീയവുമായി മുസ് ലിം സമുദായങ്ങള്‍ നടത്തിയ യാത്രകള്‍ സംഗീതങ്ങള്‍, റിസേര്‍ച്ചുകള്‍ എന്നിവ ഈ കമ്മ്യൂണിറ്റിയിലെ പുതിയ തലമുറയിലൂടെയും വികസിക്കുന്ന ഡീ കണ്‍സ്ട്രക്ഷണലൈസ്ഡ് ആയ പല മൂവ്‌മെന്റുകളും ലോകത്തുണ്ടായി. ആ സമുദായം വളരുന്നു. അതിന്റെ ഘടനാ പരമായ പല വിഷ്വലുകളും സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും കേരളത്തിലും ഉണ്ടായി. എന്നിട്ടും ഈ സമുദായം തീവ്രവാദത്തിന്റെ മാത്രം സിഗ്‌നിഫയര്‍ ആയി മാറി.

മറിച്ചു ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളില്‍ ബാബരി മസ്ജിദ് തകര്‍ത്തത്, ഗുജറാത്ത് കലാപത്തിലെ മുസ് ലിം വംശീയ ഹത്യ, പശുവിന്റെ പേരിലുള്ള കൊലപാതകങ്ങള്‍, ബീഫ് കഴിച്ചതിന്റെ പേരിലുള്ള കൊലപാതകങ്ങള്‍, ഒറീസയില്‍ പാതിരിയെ ചുട്ടു കൊന്നത്, കാസറഗോഡ് പള്ളിയില്‍ കിടന്നുറങ്ങിയ മൗലവിയെ കൊന്നത്, ഏറ്റവും അവസാനം രാമ നവമിയിലെ കലാപങ്ങള്‍ എന്നിങ്ങനെ സീരീസ് ആയ അതിക്രമങ്ങള്‍ ഇന്ത്യയില്‍ ആര്‍ എസ് എസ് നടത്തിയിട്ടും തീവ്രവാദത്തിന്റെ ഇമേജറി ഒരു ബാധ്യത ആയി ആര്‍ എസ് എസിനു പേറേണ്ടി വന്നിട്ടില്ല. അത് പോലെ ലോകത്ത് എവിടെയും മനുഷ്യത്വപരമായി വികസിക്കാന്‍ കഴിയാത്ത അതിന്റെ ഫാസിസ്റ്റ് പ്രത്യയ ശാസ്ത്രത്തിന്റെ പരിമിതിയാണ് ഇന്ത്യ/ഹിന്ദുസ്ഥാന്‍ എന്ന മുദ്രാവാക്യവും അതിന്റെ തീവ്ര ദേശീയതയും. അവിടെയാണ് ചില ടി വി ചര്‍ച്ചകളിലെ വിവരം കെട്ട ഇടതുപക്ഷ പ്രൊഫൈലുകള്‍ ആര്‍ എസ് എസുകാരെ നിഷ്‌കളങ്കനായ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ആക്കി മാറ്റുന്നത്. അതാണ് ഇന്ത്യന്‍ സമൂഹത്തിലെ ഹിന്ദുവൈസ്ഡ് ആയ പൊതു ബോധം.

ഗുജറാത്തിലെ കലാപത്തില്‍ ഏറ്റവും കൂടുതല്‍ ആയുധം എടുത്തത് ദളിതര്‍ ആയിരുന്നു എന്ന ചരിത്ര നിര്‍മ്മിതിയാണ് ഉണ്ടായത്. ചില നാഷണലൈസ്ഡ് വീക്കിലികളില്‍ വാളും പിടിച്ചു നില്‍ക്കുന്ന ദളിതരുടെ മുഖചിത്രങ്ങളിലൂടെ മുസ് ലിംകളെ കൊല്ലാന്‍ ദളിതര്‍ ആണ് ഉണ്ടായത് എന്ന സിമ്പലൈസിങ്ങിലൂടെ ഇവിടത്തെ യഥാര്‍ത്ഥ ഹിന്ദുത്വം തടിയൂരി. കീഴാളരെയും വയലന്‍സിനെയും ചേര്‍ത്തു വെച്ചുള്ള കളിയാണത്. ജാതിയിലൂടെയും മുസ് ലിം വിരുദ്ധ വംശീയതയിലൂടെയും രാമനാമങ്ങളിലൂടെയും എന്തിനു രാമനില്‍ ഫിലോസഫി അന്വേഷിക്കുന്ന സുനില്‍ പി ഇലയിടങ്ങളിലൂടെയും ഹിന്ദുത്വം ഇവിടെ പുതിയ കാലത്തും നോര്‍മലൈസ് ചെയ്യപ്പെടുന്ന പ്രക്രിയ.

തൊണ്ണൂറുകളില്‍ കണ്ണൂരില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളിലെ ഭീതിയില്‍ ആ ജ്യോഗ്രാഫിയില്‍ ജീവിച്ചത് കൊണ്ടാകാം മനുഷ്യരെ കൊല്ലുന്നതിന് കൂട്ട് നില്‍ക്കാന്‍ ആകില്ല. വയലന്‍സ് എന്നത് മൊത്തം മനുഷ്യ സമൂഹത്തില്‍ നിന്നു ഇറേസ് ചെയ്തു ഇല്ലായ്മ ചെയ്യപ്പെടും എന്ന അന്ധ വിശ്വാസവും ഇല്ല. പക്ഷെ വയലന്‍സ് എന്നതിന്റെ/കൊലപാതങ്ങളുടെ നിര്‍ണ്ണായനാവകാശം ഇവിടത്തെ ഹിന്ദുവൈസ്ഡ് സമൂഹത്തിനാകുന്നതും മുസ്ലീങ്ങള്‍ കൊലപാതകങ്ങളുടെ ബാധ്യതയില്‍ തീവ്രവാദിത്തം പേറി ക്രിമിനലൈസ്ഡ് ആക്കി നിരന്തരം നില നിര്‍ത്തി ആ സമൂഹത്തെ മുഴുവന്‍ അപര വല്‍ക്കരിക്കുന്ന സോഷ്യല്‍ സൈക്കിയുടെ ഹിന്ദുത്വ പ്രക്രിയക്കു ചൂട്ടു പിടിച്ചു എല്ലാ വയലന്‍സുകളും ഒരേ ത്രാസില്‍ തൂക്കുന്ന പരിപാടി തന്നെ സോഷ്യല്‍ ഫാസിസം ആണ്. വംശീയതയാണ്.

പോപ്പുലര്‍ ഫ്രണ്ടിനെ ടി വി ചര്‍ച്ചയില്‍ പങ്കെടുപ്പിക്കാത്തത് വലിയ കാര്യമായിട്ടൊന്നും എനിക്ക് തോന്നുന്നില്ല. പക്ഷെ, കൊലപാതകത്തിനെതിരെ വികാരപരമായ 'സിനിമ' ഡയലോഗ് പറഞ്ഞു തുടങ്ങിയ മാതൃഭൂമിയിലെ ഹാഷ്മി ചര്‍ച്ചയില്‍ ഉടനീളം കാണിച്ച ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ മരണാനന്തര വിഷ്വല്‍സ് ഉണ്ടാക്കുന്ന ഇമോഷണല്‍ കോണ്‍ഷ്യന്‍സ് എന്താണെന്ന് ആര്‍ക്കും മനസ്സിലാകുന്നതേ ഉളളൂ. അതെ സമയം സുബൈര്‍ എന്ന മനുഷ്യന്റെ മരണാനന്തര വിഷ്വല്‍സ് കേരളത്തില്‍ നിന്നും ഇറേസ് ചെയ്യപ്പെട്ടു. അതുപോലെ അഭിലാഷിനോട് ഒരു ബി ജെ പി നേതാവ് 'മീഡിയ വണ്ണിലെ പോലെ മാതൃഭൂമിയില്‍ പെരുമാറേണ്ട' എന്ന ആധികാരികമായ സംസാരം കേരളത്തിലെ മുന്‍ എസ് എഫ് ഐ ക്കാര്‍ ഊണ്ട് വിളയാടുന്ന കേരളത്തിലെ മാധ്യമങ്ങളിലെ ഹിന്ദു വംശീയതയുടെ സ്വാധീനങ്ങള്‍ എത്രത്തോളം ആണെന്ന് സ്വയം പരിശോധിക്കുന്നതിനു നല്ലതായിരിക്കും.

വംശീയതയുടെ എല്ലാ ചരിത്രങ്ങളിലും അതിക്രമങ്ങളിലും കുഴലൂതിയ ഹിന്ദുത്വ രാഷ്ട്രീയത്തിനു കസേര വലിച്ചിട്ടു കൊടുത്തിട്ട് മുസ് ലിംകളെ പ്രതി സ്ഥാനത്ത് നിര്‍ത്തി ജനാധിപത്യത്തെയും തീവ്രവാദത്തെയും കുറിച്ച് ചര്‍ച്ച ചെയ്യുന്ന ലോക രാഷ്ട്രീയത്തിന്റെ മോളീക്യുലാര്‍ ഫോം ആണ് ഇവിടെ കേരളത്തിലും നടക്കുന്നത്. ചുമ്മാ മുതലാളിത്തത്തിനെതിരെ നാല് കാച്ചും കാച്ചി നവോദ്ധാനാത്തിന്റെ അടുപ്പിന് മുകളില്‍ ഇരുന്നു പുരോഗമനം എന്ന് കോളാമ്പി വെച്ചു കൂവിയാല്‍ പോരാ. അടിയില്‍ മുസ് ലിം വിരുദ്ധ വംശീയതയാണ് പുകയുന്നത്.

Full View

Similar News