വഴിയടഞ്ഞ് ശോഭാ സുരേന്ദ്രന്‍; ബിജെപിയില്‍ പ്രതി സന്ധി രൂക്ഷം

Update: 2021-10-07 09:11 GMT

പി സി അബ്ദുല്ല 

കോഴിക്കോട്: കേരള ബിജെപിയില്‍ പ്രതിസന്ധി രൂക്ഷം. തിരഞ്ഞെടുപ്പ് കോഴ, കള്ളപ്പണക്കേസുകളില്‍ അന്വേഷണം നേരിടുന്ന കെ സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരുമെങ്കിലും ദേശീയ നിര്‍വ്വാഹക സമിതി പുനസംഘടനയും പുതിയ ജില്ലാ പ്രസിഡന്റുമാരുടെ നിയമനവും സംസ്ഥാന ബിജെപിയില്‍ മുമ്പെങ്ങുമില്ലാത്ത ഭിന്നതകള്‍ക്കാണ് വഴി തുറന്നിരിക്കുന്നത്.

വിവിധ കേസുകളില്‍ അന്വേഷണം നേരിടുന്ന ഘട്ടത്തില്‍ സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റു സ്ഥാനത്തു നിന്നു നീക്കിയാല്‍ തിരിച്ചടിയാവുമെന്ന കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തലിലാണ് തല്‍ക്കാലം നേതൃമാറ്റം ഒഴിവാക്കിയത്. എന്നാല്‍, സുരേന്ദ്രനെ മാറ്റാനുള്ള തീരുമാനം മരവിപ്പിച്ച സാഹചര്യം മുതലെടുത്ത് കൂടുതല്‍ വിഭാഗീയ നീക്കങ്ങളാണ് സുരേന്ദ്രനില്‍ നിന്നുണ്ടായത്.

ദേശീയ നിര്‍വ്വാഹക സമിതിയില്‍ നിന്ന് ശോഭാ സുരേന്ദ്രനെ ഒഴിവാക്കിയതാണ് സുരേന്ദ്രന്റെ പുതിയ കടുംവെട്ട്. പുതിയ സംസ്ഥാന വക്താക്കളെ നിയോഗിച്ചതിലും ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതിലും കെ സുരേന്ദ്രന്റെ ഗ്രൂപ്പ് നീക്കങ്ങള്‍ ഫലം കണ്ടു.

ദേശീയ നിര്‍വ്വാഹക സമിതിയില്‍ നിന്നു കൂടി പുറത്തായതോടെ സംസ്ഥാനത്തെ തീപ്പൊരി നേതാവ് ശോഭാ സുരേന്ദ്രന്റെ ഭാവി ഇരുളടഞ്ഞു. നേരത്തെ സംസ്ഥാന വൈസ് പ്രസിഡന്റായി ഒതുക്കിയപ്പോഴും നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം വരെ സീറ്റ് നിഷേധിച്ചപ്പോഴും ദേശീയ നിര്‍വ്വാഹക സമിതിയംഗം എന്നതായിരുന്നു കെ സുരേന്ദ്രനെതിരെ പോരാടാനുള്ള ശോഭയുടെ കരുത്ത്. ആ സ്ഥാനവും നഷ്ടമായ സാഹചര്യത്തില്‍ ശോഭ എങ്ങനെ പാര്‍ട്ടിയില്‍ തുടരുമെന്ന് കണ്ടറിയണം.

തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി, ജില്ലാ ഭഗിനി പ്രമുഖ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ശോഭാ സുരേന്ദ്രന്‍ എബിവിപിയിലെ വിവിധ ചുമതലകളിലൂടെയാണ് സംസ്ഥാന നേതൃ പദവിയിലെത്തിയത്. 1995ല്‍ യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റും പിന്നീട് സംസ്ഥാന വൈസ് പ്രസിഡന്റും സെക്രട്ടറിയും അഖിലേന്ത്യാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായി.

കേരളത്തില്‍ നിന്നും ബിജെപിയുടെ നിര്‍വാഹക സമിതിയിലേക്ക് തിരഞ്ഞെടുക്കപെട്ട ആദ്യ വനിത കൂടിയാണ് ശോഭാ സുരേന്ദ്രന്‍.

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രനെയും വി മുരളീധരനെയും വെല്ലുവിളിച്ചാണ് ശോഭ അവസാന നിമിഷം കഴക്കൂട്ടത്ത് സ്ഥാനാര്‍ഥിയായത്. എന്നാല്‍, കഴക്കൂട്ടത്തെ ദയനീയ തോല്‍വി പാര്‍ട്ടിയില്‍ ശോഭയുടെ ഗ്രാഫ് കുത്തനെ താഴ്ത്തി. പിന്നാലെയാണ് ഇയുട്ടടിയായി ദേശീയ സമിതിയില്‍ നിന്നുള്ള പുറത്താക്കല്‍.

അതിനിടെ, പുനസ്സംഘടനയില്‍ പ്രതിഷേധിച്ച് വയനാട് ബിജെപിയില്‍ ഇന്ന് വലിയ പൊട്ടിത്തെറിയാണ് സംഭവിച്ചത്. സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം കമ്മറ്റി രാജിവെച്ചതിന് പിന്നാലെ മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് ലളിതാ വല്‍സനും ഒന്‍പത് ജില്ലാ ഭാരവാഹികളും രാജിവെച്ചു. ജില്ലാ പ്രസിഡന്റായി കെ പി മധുവിനെ പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ചാണ് വയനാട്ടില്‍ കൂട്ടരാജി. വിവിധ വിഷയങ്ങളില്‍ ആരോപണ വിധേയനായ വ്യക്തിയെ ബിജെപി ജില്ലാ അധ്യക്ഷനാക്കിയ കെ സുരേന്ദ്രന്റെ ഏകപക്ഷീയമായ തീരുമാനം അംഗീകരിക്കാനാകില്ലെന്നാണ് രാജിവെച്ചവര്‍ വ്യക്തമാക്കിയത്. 

ബിജെപി സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം കമ്മറ്റി പ്രസിഡന്റ് കെ ബി മദന്‍ലാല്‍ ഉള്‍പ്പടെ പതിമൂന്നംഗ മണ്ഡലം കമ്മറ്റിയാണ് ആദ്യം രാജിവെച്ചത്. പുതിയ ജില്ലാ അധ്യക്ഷനെ ഏകപക്ഷീയമായി തിരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് ഇവര്‍ അറിയിച്ചത്. പല വിധത്തില്‍ ആരോപണവിധേയരായവരാണ് പുതിയ നേതൃത്വത്തിലെന്നും രാജിവെച്ചവര്‍ പറയുന്നു.

ബിജെപി ജില്ലാ കമ്മറ്റി ഓഫിസ് ഉദ്ഘാടനത്തിന് ഇന്നു വൈകീട്ട് കേന്ദ്രമന്ത്രി ഉള്‍പ്പടെ ജില്ലയില്‍ എത്താനിരിക്കെയാണ് പൊട്ടിത്തെറി.

കോഴക്കേസില്‍ സുരേന്ദ്രനൊപ്പം നില്‍ക്കാത്ത പേരില്‍ സജി ശങ്കറിനെ വയനാട് ജില്ലാ പ്രസിഡണ്ട് സ്ഥാനത്തുനിന്ന് നീക്കിയതോടെയാണ് ഭിന്നത മൂര്‍ഛിച്ചത്.. സുല്‍ത്താന്‍ ബത്തേരി തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ പേരില്‍ പല ജില്ലകളിലും അധ്യക്ഷന്‍മാരെ മാറ്റിയപ്പോള്‍ ഏറ്റവും മോശം പ്രകടനം കാഴ്ച വച്ച തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലാ ഭാരവാഹികളെ കെ സുരേന്ദ്രന്‍ നിലനിര്‍ത്തി. 

Tags:    

Similar News