മതത്തിന്റെ പേരില്‍ വോട്ട് ചോദിച്ചു; ശോഭ സുരേന്ദ്രനെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി
മന്ത്രി കടകംപള്ളി സുരേന്ദ്രനെ വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ചെന്നും ആരോപണമുണ്ട്. കരിക്കകം സ്വദേശിയായ ഡിവൈഎഫ്‌ഐ നേതാവ് ബി എസ് സജിയാണ് തിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് പരാതി നല്‍കിയത്.
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മതത്തിന്റെ പേരില്‍ വോട്ട് ചോദിച്ച കഴക്കൂട്ടത്തെ ബിജെപി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി. മന്ത്രി കടകംപള്ളി സുരേന്ദ്രനെ വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ചെന്നും ആരോപണമുണ്ട്. കരിക്കകം സ്വദേശിയായ ഡിവൈഎഫ്‌ഐ നേതാവ് ബി എസ് സജിയാണ് തിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് പരാതി നല്‍കിയത്.
വിശ്വാസികളെ ഇല്ലാതാക്കാന്‍ വന്ന പൂതന അവതാരമാണ് കടകംപള്ളിയെന്നായിരുന്നു ശോഭാ സുരേന്ദ്രന്‍ പറഞ്ഞത്. കഴിഞ്ഞ കാലഘട്ടത്തില്‍ കൃഷ്ണനെ ഇല്ലായ്മ ചെയ്യാന്‍ വന്ന പൂതന രൂപത്തിലായിരുന്നു കടകംപള്ളി. കടകംപള്ളിക്കെതിരായ ധര്‍മ്മയുദ്ധം അയ്യപ്പ സ്വാമി നല്‍കിയ നിയോഗമായിട്ട് കണക്കാക്കുന്നുവെന്നും അവര്‍ പറഞ്ഞു.
സംഭവം വിവാദമായെങ്കിലും പറഞ്ഞതില്‍ മാറ്റമില്ലെന്ന നിലപാടാണ് ബിജെപി സ്ഥാനാര്‍ഥിയുടേത്. പൂതന പ്രയോഗം തിരുത്തില്ലെന്നായിരുന്നു ശോഭ സുരേന്ദ്രന്‍ പറഞ്ഞത്. കഴക്കൂട്ടത്തെ വിശ്വാസികള്‍ കൃഷ്ണന്‍മാരായി മാറുമെന്നും ശബരിമല സംബന്ധിച്ച കടകംപ്പള്ളിയുടെ ഖേദപ്രകടനം വീണിടത്ത് കിടന്ന് ഉരുളല്‍ ആണെന്നും ശോഭ ആരോപിച്ചു.