മലപ്പുറം; റിപബ്ലിക് ദിനത്തോടനുബന്ധിച്ച് ഇത്തവണ 107 പേര്‍ക്ക് പത്മശ്രീ പുരസ്‌കാരം പ്രഖ്യാപിച്ചതില്‍ നാല് പേര്‍ മലയാളികള്‍. കവി പി നാരായണക്കുറുപ്പ്, കളരിയാശാന്‍ ശങ്കരനാരായണ മേനോന്‍ ചുണ്ടിയില്‍, വെച്ചൂര്‍ പശുക്കളെ സംരക്ഷിക്കുന്ന ശോശാമ്മ ഐപ്പ്, സാമൂഹികപ്രവര്‍ത്തക കെ വി റാബിയ എന്നിവരാണ് പുരസ്‌കാരം നേടിയവര്‍.
ഭിന്നശേഷിയുടെ പരിമിതിക്കുള്ളില്‍ ഒതുങ്ങിനില്‍ക്കാതെ അശരണരുടെ സാമൂഹിക നീതിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന കെ വി റാബിയയുടെ ജീവിതം പല തരത്തില്‍ മാതൃകയാണ്. 1990ല്‍ സാക്ഷരതാമിഷന്‍ പ്രവര്‍ത്തനത്തിലൂടെ രംഗത്തുവന്നു. കോളജ് വിദ്യാഭ്യാസ കാലത്ത് പോളിയോ വന്ന് കാലുകള്‍ക്ക് വൈകല്യം സംഭവിച്ചു. ഇതിനിടയിലും അവര്‍ സാക്ഷരതാ മേഖലയിലെ പ്രധാനിയായി. ഈ രംഗത്തെ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു. സംസ്ഥാന സര്‍ക്കാരും ഇവരുടെ കഴിവുകളെ അംഗീകരിച്ചിട്ടുണ്ട്.