ഫലസ്തീനില്‍ ഇസ്രായേല്‍ കൊന്നുതള്ളിയ കുഞ്ഞുങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം; പുരസ്‌കാരം വേണ്ടെന്നുവച്ച് ജസീന്ത കര്‍ക്കാത്ത

കവിതാ സമാഹാരമായ ജിര്‍ഹുലിനായിരുന്നു പുരസ്‌കാരം

Update: 2024-09-30 09:21 GMT

ന്യൂഡല്‍ഹി: അമേരിക്കയിലെ സ്വതന്ത്ര അന്താരാഷ്ട്ര വികസന ഏജന്‍സിയായ യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റും (യുഎസ്എഐഡി) റൂം ടു റീഡ് ഇന്ത്യ ട്രസ്റ്റും ചേര്‍ന്ന് നല്‍കുന്ന യുവ എഴുത്തുകാര്‍ക്കുള്ള പുരസ്‌കാരം വേണ്ടെന്നുവച്ച് ആദിവാസി ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ ജസീന്ത കര്‍ക്കാത്ത. കവിതാ സമാഹാരമായ ജിര്‍ഹുലിനായിരുന്നു പുരസ്‌കാരം. ആദിവാസി ജീവിതങ്ങളെ പൊതുസമൂഹത്തിന് മുന്നില്‍ അവതരിപ്പിച്ചുകൊണ്ടുള്ളതാണ് ജസീന്തയുടെ ജിര്‍ഹുല്‍. ഭോപ്പാലിലെ ഇക്താര ട്രസ്റ്റിന് കീഴിലുള്ള ജുഗുനു പ്രകാശന്‍ പബ്ലിക്കേഷന്‍സ് ആണ് പുസ്തകം പുറത്തിറക്കിയത്. ഫലസ്തീനില്‍ ഇസ്രായേല്‍ കൊന്നുതള്ളിയ കുഞ്ഞുങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് അവര്‍ അവാര്‍ഡ് നിരസിച്ചത്. ഒക്ടോബര്‍ ഏഴിനായിരുന്നു അവാര്‍ഡ് ദാന ചടങ്ങ് തീരുമാനിച്ചിരുന്നത്.

''സാഹിത്യത്തില്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള എഴുത്തുകള്‍ കുറയുന്ന സാഹചര്യമുണ്ട്. ഇതിനിടയില്‍ കുട്ടികള്‍ക്കായുള്ള എഴുത്തിന് പുരസ്‌കാരം ലഭിക്കുന്നു എന്നത് സന്തോഷമുള്ള കാര്യമാണ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പുരസകാരം സ്വീകരിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. കുട്ടികളെ ഒരു ഭാഗത്ത് ഇസ്രായേല്‍ കൊന്നു തള്ളുകയാണ്. അതേസമയം തന്നെയാണ് ആയുധ വ്യാപാരവും കുട്ടികളുടെ സംരക്ഷണവും സാധ്യമാക്കാന്‍ അവര്‍ ശ്രമം നടത്തുന്നത്'' ജസീന്ത പറഞ്ഞു. ഈശ്വര്‍ ഓര്‍ ബസാര്‍, ജസീന്ത കി ഡയറി, ലോര്‍ഡ് ഓഫ് ദി റൂട്ട്സ് തുടങ്ങിയവ ജസീന്തയുടെ മറ്റു പ്രധാനപ്പെട്ട പുസ്തകങ്ങളാണ്.

Tags:    

Similar News