സര്‍ട്ടിഫിക്കറ്റ് കൈവശപ്പെടുത്തലും അമിത ഫീസും; ചില കോളജുകള്‍ വിദ്യാര്‍ത്ഥി അവകാശം നിഷേധിക്കുന്നുവെന്നും മനുഷ്യാവകാശ കമ്മീഷന്‍

വിദ്യാര്‍ത്ഥികളുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ കൈവശം സൂക്ഷിക്കരുതെന്ന 2016 ഡിസംബറിലെ യുജിസി ഉത്തരവിന്റെ ലംഘനമാണ് സ്വകാര്യ സ്ഥാപനത്തിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് നിരീക്ഷിച്ചു. തിരുവല്ലം എ.സി.ഇ. എഞ്ചിനീയറിങ് കോളജാണ് വിദ്യാര്‍ഥിയുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റും തുകയും മടക്കി നല്‍കാതെ ബുദ്ധിമുട്ടിച്ചത്.

Update: 2021-08-18 11:28 GMT

തിരുവനന്തപുരം: പ്രവേശന സമയത്ത് കുട്ടികളില്‍ നിന്നും മുന്‍കൂറായി ഫീസും യഥാര്‍ത്ഥ സര്‍ട്ടിഫിക്കറ്റുകളും കൈവശപ്പെടുത്തി, മറ്റ് സ്ഥാപനങ്ങളില്‍ ചേരാനുള്ള വിദ്യാര്‍ത്ഥികളുടെ അവകാശം ചില സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തടയുകയാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. ഇത്തരം സ്ഥാപനങ്ങള്‍ ഫീസും സര്‍ട്ടിഫിക്കേറ്റുകളും മടക്കി നല്‍കാതെ വിദ്യാര്‍ത്ഥികളുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവില്‍ പറഞ്ഞു. ഇത്തരം പരാതികളില്‍ എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല അലസമായ സമീപനമാണ് കൈക്കൊള്ളുന്നതെന്ന് അവരുടെ റിപോര്‍ട്ടുകളില്‍ നിന്നും വ്യക്തമാണെന്നും കമ്മീഷന്‍ കുറ്റപ്പെടുത്തി.

തിരുവനന്തപുരത്തെ സ്വകാര്യ എന്‍ജിനീയറിങ് കോളജില്‍ പ്രവേശനം നേടിയയുടന്‍ സര്‍ക്കാര്‍ കോളജില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥിനിയില്‍ നിന്നും അനധികൃതമായി ഈടാക്കിയ ഫീസും ഒറിജിനല്‍ സര്‍ട്ടിഫിക്കേറ്റുകളും മടക്കി നല്‍കിയില്ലെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിനി സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. മൊത്തം 44400 രൂപയാണ് തിരുവല്ലം എ.സി.ഇ. എഞ്ചിനീയറിങ് കോളജ് ഈടാക്കിയതെന്ന് ശ്രുതി എസ് സുരേഷ് എന്ന വിദ്യാര്‍ത്ഥിനി സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. കമ്മീഷന്‍ സാങ്കേതിക സര്‍വകലാശാലയില്‍ നിന്നും റിപോര്‍ട്ട് വാങ്ങി.

വിദ്യാര്‍ത്ഥികളുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ കൈവശം സൂക്ഷിക്കരുതെന്ന 2016 ഡിസംബറിലെ യുജിസി ഉത്തരവിന്റെ ലംഘനമാണ് സ്വകാര്യ സ്ഥാപനത്തിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് നിരീക്ഷിച്ചു. മറ്റൊരു കോളജില്‍ പ്രവേശനം നേടി പോകുന്ന വിദ്യാര്‍ത്ഥിക്ക് ഫീസ് മടക്കി നല്‍കുന്നതിനെ കുറിച്ചും ഇതേ ഉത്തരവില്‍ വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശമുണ്ടെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. ഉത്തരവില്‍ പറയുന്ന വിഷയങ്ങളെ കുറിച്ച് പരാതിയുള്ള പക്ഷം അവ പരിഹരിക്കുന്നതിന് 'പരാതി പരിഹാര സമിതി' രൂപീകരിക്കണമെന്നും യു ജിസി പറഞ്ഞിട്ടുണ്ട്. ഇതെല്ലാം ലംഘിക്കപ്പെട്ടു.

വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ യു.ജി.സി. ഉത്തരവിന്റെ ലംഘനം ഉണ്ടായിട്ടുണ്ടോ എന്ന് സമയബന്ധിതമായി പരിശോധിക്കണമെന്ന് കമ്മീഷന്‍ സാങ്കേതിക സര്‍വകലാശാലാ രജിസ്ട്രാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കോളജിന്റെ ഭാഗത്ത് വീഴ്ച കണ്ടെത്തിയാല്‍ ഉചിതമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. പരാതി പരിഹാര സമിതി രൂപീകരിച്ചിട്ടില്ലെങ്കില്‍ രൂപീകരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇതിന് സര്‍വകലാശാലാ നിയമത്തില്‍ ഭേദഗതി ആവശ്യമുണ്ടെങ്കില്‍ അതിന് നടപടിയെടുക്കണം. സ്വീകരിച്ച നടപടികള്‍ ഒരു മാസത്തിനകം സര്‍വകലാശാലാ രജിസ്ട്രാര്‍ കമ്മീഷനെ അറിയിക്കണം.

Tags:    

Similar News