ജിയോയില്‍ ഇനി സൗദി പങ്കാളിത്തവും
11 വന്‍ കമ്പനികള്‍ ജിയോ പ്ലാറ്റ്ഫോംസില്‍ നേരത്തെ നിക്ഷേപം നടത്തിയിരുന്നു. ഫെയ്‌സ്ബുക്കും ഇതില്‍ ഉള്‍പ്പെടുന്നു.
മുംബൈ: മുകേഷ് അംബാനിയുടെ ജിയോ പ്ലാറ്റ്ഫോംസില്‍ ഇനി സൗദിയുടെ പങ്കാളിത്തവും. സൗദി ഉടമസ്ഥതയിലുള്ള പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് 11367 കോടി രൂപക്ക് തുല്യമായ തുകയാണ് ജിയോ പ്ലാറ്റ്‌ഫോംസില്‍ നിക്ഷേപിച്ചത്. ജിയോയുടെ 2.32 ശതമാനം ഓഹരിയാണ് സൗദി കമ്പനി സ്വന്തമാക്കിയത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ലോകത്ത് ഏറ്റവും കൂടുതല്‍ ആസ്തിയുള്ള സര്‍ക്കാര്‍ ഫണ്ടുകളിലൊന്നാണ് സൗദിയുടെ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട്. 40000 കോടി ഡോളറിന്റെ ആസ്തിയാണ് ഫണ്ടിനുള്ളത്. പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന് ലോകത്തെ മിക്ക കമ്പനികളിലും ഓഹരി പങ്കാളിത്തമുണ്ട്.
11 വന്‍ കമ്പനികള്‍ ജിയോ പ്ലാറ്റ്ഫോംസില്‍ നേരത്തെ നിക്ഷേപം നടത്തിയിരുന്നു. ഫെയ്‌സ്ബുക്കും ഇതില്‍ ഉള്‍പ്പെടുന്നു. 43547 കോടി രൂപക്ക് തുല്യമായ തുകയാണ് സൗമൂഹ്യമാധ്യമങ്ങളിലെ അതികായരായ ഫെയ്‌സ്ബുക്ക് ജിയോയില്‍ നിക്ഷേപിച്ചത്. ഇന്ത്യയിലെ ടെലികോം, ഡിജിറ്റല്‍ മേഖലയുടെ അതിവേഗത്തിലുള്ള വളര്‍ച്ച ലോകത്തെ വന്‍ കമ്പനികള്‍ ശ്രദ്ധിക്കുന്നുണ്ട്. സില്‍വര്‍ ലേക്ക് പാര്‍ട്ണേഴ്സ്, വിസ്ത ഇക്വിറ്റി പാട്ണേഴ്സ്, ജനറല്‍ അറ്റ്ലാന്റിക്, കെകെആര്‍, മുബാദല, അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി, എല്‍ കറ്റേര്‍ട്ടണ്‍ എന്നീ പ്രമുഖ കമ്പനികളും ജിയോ പ്ലാറ്റ്ഫോംസില്‍ വന്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.