കൊവിഡ് പരിശോധന കുറഞ്ഞു: യുപിയിലെ 25 ജില്ലകളില്‍ രോഗവ്യാപനം കുത്തനെ കൂടിയതായി പ്രിയങ്കാ ഗാന്ധി
ന്യൂഡല്‍ഹി: കൊവിഡ് പരിശോധനയുടെ എണ്ണത്തിലുള്ള കുറവുകൊണ്ട് ഉത്തര്‍പ്രദേശിലെ 25 ജില്ലകളില്‍ കൊവിഡ് രോഗം വര്‍ധിച്ചതായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി വാദ്ര കുറ്റപ്പെടുത്തി.
ലോക്ക് ഡൗണ്‍ നടപ്പാക്കിയിട്ടും യുപിയിലെ കൊവിഡ് വ്യാപനം വര്‍ധിക്കുകയാണ്. ജൂലൈയില്‍ യുപിയിലെ 25 ജില്ലകളില്‍ കൊവിഡ് കേസുകള്‍ വലിയ തോതില്‍ വര്‍ധിച്ചു. മൂന്ന് ജില്ലകളില്‍ 200 ശതമാനം വര്‍ധനയാണ് ഉണ്ടായത്. മൂന്ന് ജില്ലകളില്‍ 400 ലധികം ശതമാനത്തിന്റെ വര്‍ധന, ഒരു ജില്ലയില്‍ 1000 ശതമാനം- പ്രയാഗ്രാജില്‍ രോഗം വന്നവരില്‍ 70 ശതമാനത്തോളം ആശുപത്രിയിലെത്തി 48 മണിക്കൂറിനുള്ളില്‍ മരിക്കുന്നതായും പ്രിയങ്ക പറഞ്ഞു.
ഭയപ്പെടേണ്ട കാലമായെന്നും പ്രശ്‌നം ഗുരുതരമാണെന്നും അതുകൊണ്ടാണ് പരിശോധനകളുടെ പ്രാധാന്യത്തെ കുറിച്ച് പറഞ്ഞുകൊണ്ട് കേന്ദ്രത്തിന് കത്തെഴുതാന്‍ തീരുമാനിച്ചതെന്നും പ്രിയങ്കാഗാന്ധി പറഞ്ഞു.
പരിശോധനയുടെ കുറവ്, വൈകി ലഭിക്കുന്ന ഫലപ്രഖ്യാപനം, സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നതിലെ ന്യൂനതകള്‍ തുടങ്ങി പല ഘടകങ്ങളും രോഗവ്യാപനത്തിന്റെ തോത് വര്‍ധിക്കാന്‍ കാരണമായതായി പ്രിയങ്ക ചൂണ്ടിക്കാട്ടി.