പാര്‍ലമെന്റ് വായനശാല പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നു

Update: 2022-08-20 02:02 GMT

ന്യൂഡല്‍ഹി: വിഖ്യാതമായ പാര്‍ലമെന്റ് വായനശാല പൊതുജനങ്ങളുടെ ഉപയോഗത്തിനായി തുറന്നുകൊടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. നിലവില്‍ പാര്‍ലമെന്റ് അംഗങ്ങള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, അംഗീകൃത മാധ്യമപ്രവര്‍ത്തകര്‍, ഗവേഷകര്‍ എന്നിവര്‍ക്ക് മാത്രമാണ് വായനശാല ഉപയോഗിക്കാന്‍ അനുമതിയുണ്ടായിരുന്നത്. ആദ്യഘട്ടത്തില്‍ പ്രതിദിനം ഒരുമണിക്കൂര്‍ നേരത്തേക്ക് ജനങ്ങളെ പ്രവേശിപ്പിക്കും. കര്‍ശന സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രകാരം തിരിച്ചറിയല്‍ രേഖകള്‍ വെബ്‌സൈറ്റില്‍ നല്‍കുന്നവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക.

ഡല്‍ഹിയിലെ ഏറ്റവും വലിയ ലൈബ്രറിയും കൊല്‍ക്കത്തയിലെ നാഷനല്‍ ലൈബ്രറിക്ക് പിന്നില്‍ രാജ്യത്തെ രണ്ടാമത്തെ വലിയ ലൈബ്രറിയും സുരക്ഷാ സംവിധാനമുള്ള പാര്‍ലമെന്റ് കോംപ്ലക്‌സിലാണ് സ്ഥിതിചെയ്യുന്നത്. രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ചാണ് പുതിയ തീരുമാനമെന്ന് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള അറിയിച്ചു. ഭാരതത്തിന്റെ മഹത്തായ ചരിത്രം അറിയാന്‍ ജനങ്ങള്‍ക്ക് ഈ നീക്കത്തിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ രണ്ടാമത്തെ വലിയ വായനശാലയായ പാര്‍ലമെന്റ് ഗ്രന്ഥപ്പുരയില്‍ 1867ലെ ബ്രിട്ടീഷ് പാര്‍ലമെന്റ് രേഖകള്‍ അടക്കം 1.7 ദശലക്ഷം പുസ്തകങ്ങളുണ്ട്.

ഡല്‍ഹിയിലെ പഴയ സെക്രട്ടേറിയറ്റ് കെട്ടിടത്തില്‍ സ്ഥിതിചെയ്തിരുന്ന ഈ ലൈബ്രറി 1927ലാണ് പാര്‍ലമെന്റ് കോംപ്ലക്‌സിലേക്ക് മാറ്റിയത്. 2002ല്‍ എല്ലാ പുസ്തക ശേഖരങ്ങളും അവിടേക്ക് മാറ്റിയപ്പോള്‍ പുതിയ പാര്‍ലമെന്റ് ലൈബ്രറി കെട്ടിടം ഉദ്ഘാടനം ചെയ്തു. നാല് നിലകളിലായി വ്യാപിച്ചുകിടക്കുന്ന ഈ ലൈബ്രറിയില്‍ 1836 മുതലുള്ള എല്ലാ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ നിയമങ്ങളും, 88 പത്രങ്ങളും, 365 ആനുകാലികങ്ങളും, ബ്രിട്ടീഷ് കാലത്തെ സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് അസംബ്ലി, ഭരണഘടനാ അസംബ്ലി എന്നിവയില്‍ നിന്നുള്ള എല്ലാ പാര്‍ലമെന്ററി ചര്‍ച്ചകളും, ഫിക്ഷന്‍, നോണ്‍ഫിക്ഷന്‍ പുസ്തകങ്ങളുടെ ഒരു വലിയ ശേഖരമുണ്ട്.

Tags:    

Similar News