ചാരവൃത്തി കേസ്: ജൂലിയന്‍ അസാഞ്ചിനെ അമേരിക്കക്ക് കൈമാറരുതെന്ന് ബ്രിട്ടീഷ് കോടതി
49 കാരനായ ജൂലിയന്‍ അസാഞ്ചിനെതിരില്‍ ചാരവൃത്തി നടത്തിയതിന് 17 കേസുകളാണ് യുഎസ് ചുമത്തിയത്.
ലണ്ടന്‍: ചാരവൃത്തി ആരോപണം നേരിടുന്ന വിക്കി ലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിനെ അമേരിക്കക്ക് കൈമാറരുതെന്ന് ബ്രിട്ടീഷ് കോടതി. ജൂലിയന്‍ അസാഞ്ചിന്റെ മാനസികാരോഗ്യത്തെ അത് ദോഷകരമായി ബാധിക്കുമെന്ന് ലണ്ടനിലെ ഓള്‍ഡ് ബെയ്‌ലി കോടതി ജഡ്ജി വനേസ ബരൈറ്റ്‌സര്‍ പറഞ്ഞു. 49 കാരനായ ജൂലിയന്‍ അസാഞ്ചിനെതിരില്‍ ചാരവൃത്തി നടത്തിയതിന് 17 കേസുകളാണ് യുഎസ് ചുമത്തിയത്. പരാമവധി 175 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കേസാണ് ഇത്. അസാഞ്ചിനെ യുഎസില്‍ എത്തിച്ച് വിചാരണക്ക് ഹാജരാക്കാനാണ് യുഎസ് ശ്രമിക്കുന്നത്. ഓള്‍ഡ് ബെയ്‌ലി കോടതിയുടെ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് യുഎസ് അഭിഭാഷകന്‍ പറഞ്ഞു.
ഇറാഖിലും അഫ്ഗാനിസ്ഥാനിലും യുഎസ് നടത്തിയ സൈനിക ഇടപെടലുകളിലെ പാളിച്ചകള്‍ വെളിപ്പെടുത്തുന്ന രേഖകള്‍ വിക്കി ലീക്‌സിലൂടെ ചോര്‍ത്തി പ്രസിദ്ധീകരിച്ചിരുന്നു. അമേരിക്കന്‍ മിലിട്ടറിയുടെ അപ്പാച്ചെ ഹെലികോപ്റ്റര്‍ വെടിവച്ച് വീഴ്ത്തുന്നതിന്റെ 39 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പുറത്തുവിട്ടതോടെയാണ് അസാഞ്ചും വിക്കിലീക്‌സും ലോകശ്രദ്ധ നേടിയത്.