എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ പതിനഞ്ചിനകം: മന്ത്രി വി ശിവന്‍കുട്ടി
പ്ലസ്ടു മൂല്യനിര്‍ണയം ബഹിഷ്‌കരിച്ച അധ്യാപകര്‍ക്കെതിരെ നടപടിയുണ്ടാകും
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ പതിനഞ്ചിനകം പ്രഖ്യാപിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. പ്ലസ്ടു കെമിസ്ട്രി മൂല്യനിര്‍ണയത്തില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്നും, ശരിയായ ഉത്തരം എഴുതിയ എല്ലാവര്‍ക്കും മാര്‍ക്ക് കിട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി. വാരിക്കോരി മാര്‍ക്ക് നല്‍കുന്നത് സര്‍ക്കാര്‍ നയമല്ലെന്നും നൂറ് ശതമാനം വിജയം ഉറപ്പാക്കാന്‍ പരീക്ഷാ സംവിധാനത്തില്‍ വെള്ളം ചേര്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മൂല്യനിര്‍ണ്ണയം ബഹിഷ്‌കരിച്ച അധ്യാപകര്‍ക്കെതിരെ നടപടിയുണ്ടാകും. പ്ലസ്ടു കെമിസ്ട്രി ഉത്തര സൂചിക വിവാദത്തില്‍ അധ്യാപകര്‍ മുന്നറിയിപ്പില്ലാതെയാണ് മൂല്യനിര്‍ണയം ബഹിഷ്‌കരിച്ചത്. ഈ പ്രവണത ശരിയല്ല. അധ്യാപകര്‍ക്ക് സമരം ചെയ്യാനുള്ള അവകാശങ്ങളുണ്ട്. സമരങ്ങള്‍ക്ക് സര്‍ക്കാര്‍ അതിന് എതിരല്ല. എന്നാല്‍ മൂല്യനിര്‍ണയ കാംപുകള്‍ ബഹിഷ്‌കരിച്ചുള്ള പ്രതിഷേധങ്ങള്‍ നടത്തരുതെന്ന് ഹൈക്കോടതി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അധ്യാപകരുടെ നടപടിക്ക് പിന്നില്‍ ഗൂഡാലോചനയുണ്ടോയെന്ന് സംശയിക്കുന്നതായും ഇവ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രസിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് വന്നതിന് ശേഷം നടപടിയെ പറ്റി ആലോചിക്കുമെന്നും അദ്ദേഹം അറയിച്ചു.
അതേസമയം, സംസ്ഥാനത്തെ 7077 സ്‌കൂളില്‍ 9,58,067 വിദ്യര്‍ത്ഥികള്‍ക്കുള്ള യുനിഫോം വിതരണം നാളെ ആരംഭിക്കും. 120 കോടിയാണ് ഇതിനായി സര്‍ക്കാര്‍ ചെലവിടുന്നത്. ജൂണ്‍ ഒന്നിന് സ്‌ക്കൂള്‍ തുറക്കും മുമ്പ് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പാഠപുസ്തകങ്ങള്‍ നല്‍കും. അക്കാദമിക്കേതര വിഷയങ്ങളില്‍ സ്‌കൂള്‍ തുറക്കുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തി മാന്വല്‍ ഇത്തവണ തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു. പൂര്‍വ വിദ്യാര്‍ത്ഥി ക്ലബുകള്‍ രൂപീകരിക്കാനും മാന്വലില്‍ നിര്‍ദേശമുണ്ടെന്നും മന്ത്രി കൂട്ടിചേര്‍ത്തു.