പൊതുവിദ്യാഭ്യാസമേഖലയില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് 122 കോടി അനുവദിച്ചു
ക്യാപിറ്റല്‍ ഹെഡ് ഇനത്തില്‍ 72 സ്‌കൂളുകള്‍ക്കായി 81 കോടിയും റവന്യൂ ഹെഡ് ഇനത്തില്‍ 31 സ്‌കൂളുകള്‍ക്കായി 41 കോടിയുമാണ് അനുവദിച്ചത്
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 122 കോടിയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി. ക്യാപിറ്റല്‍ ഹെഡ് ഇനത്തില്‍ 72 സ്‌കൂളുകള്‍ക്കായി 81 കോടി രൂപയും റവന്യൂ ഹെഡ് ഇനത്തില്‍ 31 സ്‌കൂളുകള്‍ക്കായി 41 കോടിയുമാണ് അനുവദിച്ചിരിക്കുന്നത്. കൂടുതല്‍ പദ്ധതികള്‍ക്ക് ഭരണാനുമതി ഉടന്‍ നല്‍കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.
ഹയര്‍സെക്കന്‍ഡറി മേഖലയില്‍ 29 സ്‌കൂളുകള്‍ക്കും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 13 സ്‌കൂളുകള്‍ക്കുമായി 46 കോടി രൂപയുടെ കെട്ടിടനിര്‍മ്മാണത്തിന് ഭരണാനുമതി നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചു വരികയാണ്. ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ ലാബ്, ലൈബ്രറി നവീകരണത്തിന് 22 കോടി രൂപ അനുവദിക്കുന്നതിനുള്ള നടപടിക്രമവും പുരോഗമിക്കുകയാണെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.